കൽപറ്റ: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായ ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതുക്കി ഇറക്കിയ കരട് വിജ്ഞാപനത്തിൽ വയനാട്ടിലെ 13 വില്ലേജുകൾ. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്ററാണ് ലോല പ്രദേശമായി കണക്കാക്കിയിരിക്കുന്നത്.
കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്ററാണ് ആകെ ഇതിൽ ഉൾപ്പെടുന്നത്. എതിര്‍പ്പുകളും നിര്‍ദേശങ്ങളും 60 ദിവസത്തിനകം അറിയിക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിവയാണ് വയനാട്ടിലെ വില്ലേജുകൾ. ഉരുൾപൊട്ടൽ മേഖലയാണ് വെള്ളരിമല വില്ലേജ്. 13 വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടത് വയനാട്ടിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എതിർപ്പുകളും നിർദേശങ്ങളും 60 ദിവസത്തിനകം അറിയിക്കണമെന്നാണ് കരട് വിജ്ഞാപനത്തിലുള്ളത്. ഉരുൾപൊട്ടലിന്റെ പിറ്റേ ദിവസമായ ജൂലൈ 31നാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇതനുസരിച്ച്, പരാതി നൽകാനുള്ള സമയപരിധി സെപ്റ്റംബർ 28ന് അവസാനിക്കുകയാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് തപാലിലോ ഇ-മെയിലിലോ പരാതി അയക്കാം. അതിനു മുന്നോടിയായി ആശങ്കകൾ ഒഴിവാക്കാനും തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ചു നൽകിയ ഭൂപടത്തിന് എന്തുസംഭവിച്ചുവെന്നു വ്യക്തമാക്കാനും മന്ത്രിതല യോഗം ചേരണമെന്ന ആവശ്യമാണ് ഉയരുന്നത്.
പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ വിവിധ നിയന്ത്രണങ്ങൾ വരും. ക്വാറികൾക്കു നിരോധനമുണ്ടാകും. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കും ഒഴികെ വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ല. റോഡ് നിർമാണത്തിനും ചെറുകിട വ്യവസായങ്ങൾക്കും നിബന്ധനകളേറെ. കൃഷിരീതികളിലും വൻ മാറ്റങ്ങളാണ് നിർദേശിക്കുന്നത്. ടൗൺഷിപ്പുകളും പുതിയ താപവൈദ്യുതി പദ്ധതികളും അനുവദിക്കില്ല. നിലവിലുള്ള പദ്ധതികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്നും എന്നാല്‍, വിപുലീകരണം അനുവദിക്കില്ലെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും ഒഴികെ, വലിയ തോതിലുള്ള നിര്‍മാണ പദ്ധതികൾക്കും ടൗണ്‍ഷിപ്പുകൾക്കും ഇതിലൂടെ നിരോധനം വരും.
ജില്ലയിലെ 13 വില്ലേജുകളിലും അന്തിമ സ്ഥലപരിശോധന നടത്തി ജനവാസമേഖലകൾ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങൾ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച രണ്ട് ഭൂപടങ്ങളിൽ ഈ വില്ലേജുകൾ ഒഴിവാക്കിയിട്ടില്ല. ജില്ലയിൽ 665 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് പരിസ്ഥിതിലോല മേഖലയിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.