കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ് പദ്ധതിക്കായി പ്രസിദ്ധീകരിച്ച ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടികയിൽ അപാകത ആരോപിച്ച് പ്രതിഷേധം. മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ആക്ഷൻ കൗൺസിൽ പ്രതിഷേധവുമായെത്തി.
മേപ്പാടി പഞ്ചായത്തിനെയോ എം.എൽ.എ അടക്കം ജനപ്രതിനിധികളെയോ വിശ്വാസത്തിലെടുക്കാതെയാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ഇവർ ആരോപിക്കുന്നു. നേരത്തെ മേപ്പാടി പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിലെ ആളുകളെ പോലും ഉൾപ്പെടുത്താതെ ദുരന്തബാധിതരായ നിരവധി പേരെ ഒഴിവാക്കിയാണ് പട്ടികയെന്ന് ഇവർ പറയുന്നു. പഞ്ചായത്തിലെ കെട്ടിട നമ്പർ പ്രകാരം 520 വീടുകളെയാണ് ദുരന്തം ബാധിച്ചത്, എന്നാൽ കരട് പട്ടികയിൽ 388 കുടുംബങ്ങളാണ് ഉൾപ്പെട്ടത്. മാത്രമല്ല പല പേരുകളും ആവർത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
ഇന്നലെയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തിലെ 388 കുടുംബങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
നവംബര്‍ 26ലെ ദുരന്ത നിവാരണ വകുപ്പിന്റെ മാർഗനിര്‍ദേശ പ്രകാരം ഡി.ഡി.എം.എയുടെ അംഗീകാരത്തോടെയാണ് ഇത് തയാറാക്കിയത്. കരട് ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി ആര്.ഡി.ഒ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും എല്‍.എസ്.ജി.ഡിയുടെ lsgkerala.gov.in, ജില്ല ഭരണകൂടത്തിന്റെ wayanad.gov.in വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.
പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷന്‍ കാര്‍ഡ് ജിയോ റഫറന്‍സ് പ്രാഥമിക വിവരമായി കണക്കാക്കി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്, കെ.എസ്.ഇ.ബി എന്നിവയുടെ ഗുണഭോക്തൃ ജിയോ റഫറന്‍സ് വിവരങ്ങള്‍, റാപ്പിഡ് വിഷ്വല്‍ സ്ക്രീനിങ് വിവരങ്ങള്‍, സര്‍ക്കാര്‍ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ക്വാർട്ടേഴ്സിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ വിവരങ്ങള്‍, പാടികളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.
പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങള്‍ പരിശോധിക്കാല്‍ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫിസുകളില്‍ ഹെല്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ 2025 ജനുവരി 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ആക്ഷേപങ്ങള്‍ വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫിസുകളിലും subcollectormndy@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും.
അപകടമേഖലയിലെ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളില്‍ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.