കൽപറ്റ: ജില്ലയിൽ ഇതുവരെ തിരിച്ചേൽപിച്ചത് അനർഹമായി കൈവശംവെച്ച 2129 മുൻഗണന റേഷൻ കാർഡുകൾ. സർക്കാർ ജീവനക്കാർ അടക്കമുള്ള ഈ ഉപഭോക്താക്കൾ മുൻഗണനേതര കാർഡുകളിലേക്ക് മാറി.
മൊത്തം 2,29,858 റേഷൻ കാർഡുടമകളുള്ള ജില്ലയിൽ ഇനിയും അനർഹമായി മുൻഗണന കാർഡുകൾ കൈവശംവെക്കുന്നവരുണ്ടെന്ന് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കുന്നു. സുൽത്താൻ ബത്തേരി താലൂക്കിൽനിന്നാണ് കൂടുതൽ അനർഹമായി കൈവശംവെച്ച മുൻഗണന കാർഡുകൾ തിരിച്ചേൽപിച്ചത്. 1074 കാർഡുടമകളാണ് സുൽത്താൻ ബത്തേരിയിൽ ഇതുവരെ മുൻഗണനേതര റേഷൻ കാർഡിലേക്ക് മാറിയത്.
മാനന്തവാടി താലൂക്കിൽ 581ഉം വൈത്തിരിയിൽ 474ഉം ഉപഭോക്താക്കൾ മുൻഗണന കാർഡുകൾ തിരിച്ചേൽപിച്ചു. ജില്ലയിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താവുന്ന ഉപഭോക്താക്കളുടെ സർക്കാർ നിശ്ചയിച്ച ക്വോട്ട പൂർത്തിയായതിനാൽ, ഒഴിവുവരുന്ന മുറക്കേ പുതിയ അർഹരായവർക്ക് ഇനി മുൻഗണന റേഷൻ കാർഡ് നൽകാൻ കഴിയൂ. അതിനാൽ, അനർഹമായി കാർഡ് കൈവശംവെക്കുന്നവർ അർഹരായവരുടെ ആനുകൂല്യമാണ് തടയുന്നത്.
സ്വമേധയാ കാർഡ് തിരിച്ചേൽപിക്കുന്ന അനർഹർക്കെതിരെ നടപടിയുണ്ടാവില്ല. എന്നാൽ, ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തുന്നതാണെങ്കിൽ കാർഡുടമകളിൽനിന്ന് അതുവരെ അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ വില ഈടാക്കും.
മുൻഗണന വിഭാഗത്തിൽ അർഹതയുണ്ടായിട്ടും മുൻഗണനേതര കാർഡുടമകളായിരുന്ന 6396 ഉപഭോക്താക്കളുടെ കാർഡുകൾ അധികൃതർ ഇതിനകം ജില്ലയിൽ മാറ്റിനൽകി ആശ്വാസം പകർന്നിട്ടുണ്ട്.
മാനന്തവാടി താലൂക്കിൽ 2877 ഉപഭോക്താക്കളുടെ മുൻഗണനേതര റേഷൻ കാർഡ് മാറ്റി മുൻഗണന കാർഡ് നൽകി. സുൽത്താൻ ബത്തേരി താലൂക്കിൽ 2364ഉം വൈത്തിരി താലൂക്കിൽ 1155 കുടുംബങ്ങൾക്കുമാണ് മുൻഗണന കാർഡിലേക്ക് മാറാനായത്. അനർഹമായി മുൻഗണന കാർഡ് കൈവശംവെക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ പി.എ. സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു.
• നിർധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ (21 വയസ്സിന് മുകളിലുള്ള പുരുഷന്മാരില്ലാത്ത) കുടുംബം, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാൽ നയിക്കപ്പെടുന്ന കുടുംബം.
• തദ്ദേശ വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ (സാമ്പത്തിക സ്ഥിതിയിൽ മാറ്റം വന്നിട്ടില്ലെങ്കിൽ).
• പട്ടികവർഗം.
• ആശ്രയ പദ്ധതിയിൽ അംഗങ്ങളായുള്ളവർ (തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പട്ടിക പ്രകാരം സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച വന്നിട്ടില്ലെങ്കിൽ).
• കുടുംബത്തിൽ ആർക്കെങ്കിലും താഴെ പറയുന്ന ഗുരുതര രോഗങ്ങളുണ്ടെങ്കിൽ: എയ്ഡ്സ്, അർബുദം, ഓട്ടിസം, ശാരീരിക- മാനസിക വെല്ലുവിളികൾ, സ്ഥിരമായ കുഷ്ഠം അല്ലെങ്കിൽ എൻഡോസൾഫാൻ ബാധിതർ, സ്ഥിരമായ ഡയാലിസിസിന് വിധേയരാകുന്നവർ, ഹൃദയം, കിഡ്നി മാറ്റിവെക്കൽ ശസ്തക്രിയക്ക് വിധേയരായവർ, പക്ഷാഘാതം പോലുള്ള രോഗങ്ങളാൽ പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്തവർ. ശരീരം തളർന്ന് കിടപ്പിലായവർ.
• പരമ്പരാഗത അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങൾ
മുൻഗണന പട്ടികയിൽനിന്ന്
• സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ.
സർവിസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് നാല് തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ ഒഴികെ).
• ആദായനികുതി ദാതാക്കൾ.
• പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ.
• സ്വന്തമായി ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ.
• സ്വന്തമായി 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ.
• നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ).
• കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽനിന്നോ പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.