കൽപറ്റ: വന്യമൃഗാക്രമണവും കൃഷി നശിപ്പിക്കുന്നതും പതിവുകാഴ്ച് യാവുന്ന സാഹചര്യത്തിൽ ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിന് കിഫ്ബി സ്പെഷ ഇൻവെസ്റ്റ്മെന്റ് പ്ലാനിലൂടെ 22.5 കോടി രൂപയുടെ വന്യമൃഗ പ്രതിരോധ വേലി നിർമിക്കാൻ (ക്രാഷ് ഗാർഡ് ഫെൻസിങ്) അനുമതി ലഭിച്ചതായി എം.എൽ.എമാരായ അഡ്വ. ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും അറിയിച്ചു.
48 കിലോമീറ്റർ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ജില്ലയിലെ ദാസനക്കര-പാതിരിയമ്പം, പാത്രമൂല കക്കാടൻ ബ്ലോക്ക് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ 15 കിലോമീറ്റർ ദൂരവും, കൊമ്മഞ്ചേരിയിൽ 3.5 കിലോമീറ്റർ ദൂരവും, വേങ്ങോട് മുതൽ ചെമ്പ്ര വരെ വൈത്തിരി സെക്ഷൻ പരിതിയിൽ അഞ്ച് കിലോമീറ്റർ ദൂരവും, കുന്നുംപുറം പത്താംമൈൽ സുഗന്ധഗിരി സെക്ഷൻ പരിതിയിൽ മൂന്ന് കിലോമീറ്റർ ദൂരവും, വടക്കനാട് 4.5 കിലോമീറ്റർ ദൂരവും, പാഴൂർ തോട്ടമൂല ഭാഗത്ത് 6.5 കിലോമീറ്റർ അടക്കം 48 കിലോമീറ്റർ ദൂരമാണ് വേലി സ്ഥാപിക്കുന്നത്.
നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് വനം വന്യജീവി ആസ്ഥാനത്ത് ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡി. ജയപ്രസാദുമായി എം.എൽ.എമാർ ചർച്ച നടത്തി.
ജില്ലയിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുവേണം തുടർ പ്രവർത്തനങ്ങൾ മുന്നോട്ടുപോകേണ്ടത് എന്ന് എം.എൽ.എമാർ നിർദേശിച്ചു.
ഈ നിർദേശം ഡി.എഫ്.ഒമാർക്ക് നൽകുമെന്നും സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിക്ക് നിർവഹണ ചുമതല നൽകിട്ടുണ്ടെന്നും പദ്ധതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചർച്ചയിൽ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉറപ്പു നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ പ്രത്യേക യോഗം ചേരുമെന്നും എം.എൽ.എ.മാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.