കൽപറ്റ: ചുണ്ടേൽ ആനപ്പാറയിലെ തള്ളക്കടുവയെയും മൂന്ന് കുട്ടികളെയും പിടികൂടാൻ മൈസൂരുവിൽനിന്ന് വലിയ കൂട് എത്തിച്ചു. അനുമതി ലഭിച്ചാൽ ഇന്നുതന്നെ കൂട് സ്ഥാപിക്കാനാണ് നീക്കം. സാധാരണ കൂടുവെച്ചാൽ തള്ളക്കടുവയോ കുട്ടികളോ ഏതെങ്കിലും ഒന്നുമാത്രമോ കുടുങ്ങിയാൽ മറ്റ് കടുവകളുടെ പ്രതികരണം അക്രമാസക്തമാക്കാൻ ഇടയുണ്ടെന്ന് മനസ്സിലാക്കിയാണ് വലിയ കൂട് എത്തിക്കാൻ തീരുമാനം എടുത്തത്.
ആനപ്പാറയിലേതു പോലുള്ള സമാന സാഹചര്യത്തിൽ മുമ്പ് കർണാടകയിൽ വലിയ കൂടുപയോഗിച്ച് കടുവകളെ പിടികൂടിയിരുന്നു. ഈ കൂട് ലഭ്യമാക്കാനാണ് വനംവകുപ്പ് ഉത്തര മേഖല സി.സി.എഫ് മുഖാന്തരം കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ അപേക്ഷ നൽകിയത്.
സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ, വയനാട് വന്യജീവി സങ്കേതത്തിലെ അസി. ഫോറസ്റ്റ് ഓഫിസർ അജേഷ് മോഹൻദാസ്, കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു, വൈത്തിരി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് മൈസൂരുവിലെത്തി കൂട് സന്ദർശിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച ഹാരിസൺ എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം മൂന്ന് പശുക്കളെ കടുവ കൊന്നതോടെയാണ് പ്രദേശത്ത് കടുവ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രദേശത്ത് തള്ളക്കടുവയും കുട്ടികളും തമ്പടിച്ചതായി മനസ്സിലാക്കുന്നത്. തുടർന്ന് പ്രദേശത്ത് സ്ഥാപിച്ച കടുവയുടെ ചിത്രങ്ങളും കാമറയിൽ പതിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.