കൽപറ്റ: പ്രതിമാസം 500 രൂപ നിരക്കിൽ വൈദ്യുതി ഉപയോഗിച്ചിരുന്നയാൾക്ക് ലഭിച്ച 50,144 രൂപയുടെ ബിൽ റദ്ദാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ഉപയോഗം മീറ്ററിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ യൂനിറ്റിന് ബിൽ ചെയ്യുക എന്നതാണ് നിയമപരമായ മാർഗമെന്നും അറിയിച്ചു. എന്നാൽ, ബിൽ തുക മാസങ്ങളായി അടക്കാനുള്ള സൗകര്യം ചെയ്യാമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വയറിങ് തകരാർ കാരണം എർത്ത് ലീക്കുണ്ടായതാണ് ഇത്രയധികം യൂനിറ്റ് രേഖപ്പെടുത്താൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മീറ്ററിൽ തകരാറില്ല.
വൈദ്യുതി മീറ്ററിൽനിന്ന് ഫ്യൂസിലേക്ക് പോയ ഫേസ് വയറിന്റെ ഇൻസുലേഷൻ വൈദ്യുതി മീറ്റർ സ്ഥാപിച്ചിരുന്ന ബോർഡിന്റെ ഉള്ളിൽ മുറിഞ്ഞതാണ് എർത്ത് ലീക്കിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഇലക്ട്രീഷ്യൻ വയറിങ് തകരാർ പരിഹരിച്ചു.
എന്നാൽ, അമിതമായ വൈദ്യുതി ബിൽ കെ.എസ്.ഇ.ബിയുടെ അനാസ്ഥ കാരണം സംഭവിച്ചതാണെന്നും അമിതമായ എർത്ത് ലീക്കിന്റെ സൂചന തനിക്ക് ലഭിച്ചില്ലെന്നും പരാതിക്കാരൻ അറിയിച്ചു. സുൽത്താൻ ബത്തേരി ചെതലയം സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.