കൽപറ്റ: പണിയ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യം ശക്തമാകുന്നു. 2018ൽ പട്ടിക ജാതി- പട്ടിക വർഗ ക്ഷേമ സമിതി സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പണിയ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ് വേണമെന്നും അതിന്റെ ആവശ്യകതയും വ്യക്തമാക്കിയിട്ടുണ്ട്.
കുടകിലെ ഇഞ്ചിപ്പാടങ്ങളിൽ തൊഴിൽ തേടിപ്പോകുന്ന ആദിവാസികളുടെ പ്രതിസന്ധിയെക്കുറിച്ച് ആശങ്കയറിയിച്ചും പണിയരുടെ ഉന്നമനത്തിനായി വികസന പദ്ധതികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമ സമിതി പണിയരെ കുറിച്ചുള്ള പഠനത്തിനായി ഉപസമിതി രൂപവത്കരിച്ചത്.
ഇതേ തുടർന്ന് 2018ൽ ഉപസമിതി പണിയ വിഭാഗം കൂടുതലായി അധിവസിക്കുന്ന സ്ഥലം സന്ദർശിക്കുകയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. പണിയ വിഭാഗത്തിന്റെ ഉന്നമനത്തിന് പര്യാപ്തമാകുമെന്ന് സമിതി കരുതുന്ന ചില ശിപാർശകളും നിർദേശങ്ങളും അടങ്ങുന്ന റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചത്. ഇത് പിന്നീട് അംഗീകരിക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ 36 പട്ടികവർഗ സമുദായങ്ങളാണുള്ളത്. പട്ടികവർഗ ജനസംഖ്യയിൽ കൂടുതലുള്ള വിഭാഗമാണ് പണിയർ. പണിയ വിഭാഗത്തിന്റെ ആകെ ജനസംഖ്യയുടെ 74.49 ശതമാനവും വയനാട്ടിലാണ്. എല്ലാം പട്ടിക ക്ഷേമ പദ്ധതികളും പൊതുവായിട്ടാണ് നടപ്പാക്കുന്നത്. അതിനാൽ ക്ഷേമ പദ്ധതിയിൽ പണിയ വിഭാഗത്തിന് അർഹമായ പങ്ക് ലഭിക്കാറില്ലെന്നും ഇവരുടെ ഉന്നമനത്തിനു വേണ്ടി മാത്രം പ്രത്യേകം പദ്ധതികൾ നിലവിലില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, സാമ്പത്തിക വികസന പരിപാടികൾ തുടങ്ങിയവ പട്ടിക വർഗ വികസന വകുപ്പ് നേരിട്ടാണ് നടത്തുന്നത്. റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പദ്ധതികൾ ത്രിതല പഞ്ചായത്തുകൾ മുഖേനയാണ് നടപ്പാക്കുന്നത്. ഈ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോൾ ഈ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന കിട്ടാറുണ്ട്. എന്നാൽ, പണിയർക്ക് സമഗ്ര വികസനം ഉണ്ടാകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വികേന്ദ്രീകൃത ഭരണ ക്രമത്തിലൂടെയും ജനകീയാസൂത്രണത്തിലൂടെയും പട്ടിക വർഗ സമൂഹത്തിന് പൊതുവെ നേട്ടമുണ്ട്. എന്നാൽ, പണിയ സമുദായം നേട്ടം കൈവരിച്ചിട്ടില്ല. മാത്രമല്ല സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിലവാരം ഇതര വിഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴെയുമാണ്.
അതിനാൽ സമഗ്ര വികസനത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും പറയുന്നുണ്ട്. മുൻ പരിഗണന നൽകേണ്ടത് പുനരധിവാസം, തൊഴിൽ, നൈപുണ്യ വികസന പദ്ധതികൾക്കുമാണ്.
സ്ഥല സൗകര്യങ്ങളില്ലാത്തതും കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ കോളനികളെ സൗകര്യ പ്രഥമായ സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്തണം.
അവിടെ റോഡ്, കുടിവെള്ളം, വീട്, കമ്യൂണിറ്റി ഹാൾ, പൊതുശ്മശാനം, സാമൂഹിക പഠന മുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. പുതിയ തൊഴിൽ സംരഭങ്ങൾ, നൈപുണ്യ വികസനം, അതിനുള്ള പരിശീലനം എന്നിവ നൽകി ഇവരെ സ്വയം പ്രാപ്തരാക്കണം.
സ്കൂളിൽ എത്താൻ പ്രയാസം നേരിടുന്നത് പരിഹരിക്കാൻ പ്രത്യേക അധ്യാപകരെ നിയമിക്കണം. തൊഴിൽ പരിശീലനങ്ങളിൽ പണിയ സമുദായത്തിന് മുൻഗണന നൽകണം. ഇവർ അനുഭവിക്കുന്ന പ്രധാന പ്രശ്നം ഭൂമിയുടെ അപര്യാപ്തതയാണ്. കുറഞ്ഞത് 10 സെന്റ് ഭൂമിയെങ്കിലും ഇല്ലാത്ത എല്ലാം ഭൂരഹിതർക്കും അവരുടെ പ്രദേശത്ത് കൃഷി ഭൂമി അനുവദിക്കണം. അതിനുവേണ്ടി കുടുംബത്തിന് പത്തു ലക്ഷം രൂപ വകയിരുത്തണം.
ഭവന നിർമാണത്തിന് നിലവിലുള്ള ഏകീകൃത നിരക്കിന് പകരം ഒരു വീട്ടിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിനനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് തുക നിശ്ചയിക്കേണ്ടതെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. വാസയോഗ്യമല്ലാത്ത വീടുകൾക്ക് പകരം വീടുകൾ അനുവദിക്കണം.
ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഇവർക്കായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പട്ടിക വർഗത്തിനായി വിവിധ ക്ഷേമ പരിപാടികൾ നടപ്പാക്കുന്നുണ്ടെങ്കിലും പണിയർക്ക് മാത്രമായി പ്രത്യേക പാക്കേജ് നടപ്പാക്കുന്നില്ല. പണിയ-അടിയ വിഭാഗങ്ങൾക്കായി പ്രത്യേക പാക്കേജ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.