കൽപറ്റ: ഇ-ഗവേണന്‍സിലൂടെ ഭരണമികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കറിന്റെ അവാര്‍ഡില്‍ നേട്ടവുമായി വയനാട്. 2019-20 വര്‍ഷത്തെ ഏറ്റവും മികച്ച ഇ-ഗവേണ്‍ഡ് രണ്ടാമത്തെ ജില്ലയായി വയനാടിനെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലക്കാണ് ഒന്നാം സ്ഥാനം.
ഇ-ഓഫിസ്, പോള്‍ വയനാട് ആപ്, കോവിഡ് കാലഘട്ടത്തില്‍ മറ്റു ജില്ലകളില്‍ നിന്നും വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് നിര്‍മിച്ച വെഹിക്കിള്‍ ട്രാന്‍സിറ്റ് മോണിറ്ററിങ് ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ അദാലത്ത്, പട്ടികവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി ക്യാമ്പ് എന്നിവ പരിഗണിച്ചാണ് ജില്ലക്ക് പുരസ്‌ക്കാരം.
2018 ലെ മികച്ച അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങള്‍ ജില്ലക്കാണ്. മുഹമ്മദ് റാഫിയുടെ മാനന്തവാടി കോറോത്തുള്ള അക്ഷയ കേന്ദ്രത്തിനാണ് ഒന്നാം സ്ഥാനം. ബിന്ദു ഏലിയാസിന്റെ സുല്‍ത്താന്‍ ബത്തേരി കോളിയാടി അക്ഷയക്കാണ് രണ്ടാം സ്ഥാനം. അക്ഷയ വഴി നടപ്പാക്കുന്ന വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍ എന്നിവ വേഗത്തിലും കാര്യക്ഷമതയിലും പൊതുജനങ്ങള്‍ക്ക് നല്‍കിയതിനാണ് അവാര്‍ഡ്.
2019-20, 2020-21 വര്‍ഷങ്ങളില്‍ ഇ-ഗവേണന്‍സ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ശനിയാഴ്ച തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മുന്‍ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാസുന്ദര്‍രാജന്‍ ചെയര്‍പേഴ്സനായുള്ള ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.