കൽപറ്റ: വന്യമൃഗശല്യം തടയുന്നതിന് ഇനി നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണവും. വാളയാറിൽ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് നടത്തിയ പഠനത്തിൽ കണ്ടെത്തിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വയനാട്ടിലാണ് രാജ്യത്ത് ആദ്യമായി സ്മാർട്ട് വേലി നിർമാണം ആരംഭിച്ചത്. ഇരുളം ഫോറസ്റ്റ് സെക്ഷനു കീഴിലുള്ള പാമ്പ്ര ചേലക്കൊല്ലി വനാതിർത്തിയിലാണ് 70 മീറ്ററിൽ എ.ഐ സ്മാർട്ട് ഫെൻസിങ് നിർമാണം നടക്കുന്നത്.
ആനയടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് സ്മാർട്ട് ഫെൻസിങ്ങിലൂടെ തടയാമെന്നാണ് കരുതുന്നത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്നോളജി എന്ന കമ്പനിയാണ് എ.ഐ സ്മാർട്ട് ഫെൻസിങ് നിർമിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫെൻസിങ് സാധ്യമാക്കുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
വനാതിർത്തിയിലെത്തുന്ന വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനൊപ്പം അപകടങ്ങൾ മുൻകൂട്ടിക്കണ്ട് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാനും നാലടി ആഴത്തിലുള്ള സ്റ്റീൽ തൂൺ ഉൾപ്പെടെ 16 അടി ഉയരത്തിൽ നിർമിക്കുന്ന സ്മാർട്ട് ഫെൻസിങ്ങിലൂടെ സാധ്യമാകും.
വന്യമൃഗങ്ങൾ ഫെൻസിങ്ങിന്റെ 100 മീറ്റർ അടുത്തെത്തിയാൽ എ.ഐ സംവിധാനം പ്രവർത്തിച്ചുതുടങ്ങും. തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷൻ മുതൽ തിരുവനന്തപുരത്തുള്ള വനംവകുപ്പിന്റെ ഉന്നത ഓഫിസിൽവരെ വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചും കാമറയിൽനിന്നുള്ള ലൈവ് ദൃശ്യങ്ങളും നൽകാനാകും.
അപായ മുന്നറിയിപ്പായി അലാറം, ലൈറ്റുകൾ എന്നിവയും പ്രവർത്തിച്ചുതുടങ്ങും. ഇതിലൂടെ സമീപവാസികൾക്കും മുന്നറിയിപ്പ് നൽകുന്നതോടൊപ്പം വനാതിർത്തി പ്രദേശങ്ങളിലെ അര കിലോമീറ്റർ വരെ അകലെയുള്ള റോഡുകളിലൂടെയുള്ള യാത്രക്കാർക്കും ജാഗ്രത നിർദേശം നൽകാനാകും. സ്റ്റീൽ തൂണുകൾ മൺനിരപ്പിൽനിന്ന് നാലടി താഴ്ചയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചാണ് ഇതിന്റെ നിർമാണം.
ക്രെയിനിലും കപ്പലുകളിലുമെല്ലാം ചരക്കുനീക്കത്തിനായി ഉപയോഗിക്കുന്ന പ്രത്യേക ബെൽറ്റുകളും വലിയ സ്റ്റീൽ തൂണുകളും സ്പ്രിങ്ങും ഉപയോഗിച്ചാണ് ഫെൻസിങ് നിർമാണം. ബെൽറ്റിലും തൂണിലും സോളാർ വൈദ്യുതി കടത്തിവിടുന്നത് കാരണം മൃഗങ്ങൾക്ക് ഇവ സ്പർശിക്കാൻ കഴിയില്ല.
ബെൽറ്റുകൾ എല്ലാഭാഗത്തേക്കും മെടഞ്ഞ് ഇതിന്റെ അറ്റം സ്പ്രിങ്ങുമായി ബന്ധിപ്പിച്ച് സ്റ്റീൽ തൂണിൽ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
നല്ല ക്ലാരിറ്റിയുള്ള എ.ഐ കാമറകൾ ഉപയോഗിച്ചാണ് റെക്കോഡ് ചെയ്യുന്നത് എന്നതിനാൽ രാത്രി സമയങ്ങളിൽ പോലും വ്യക്തതയുള്ള ദൃശ്യങ്ങൾ പതിയും. സൂര്യവെളിച്ചം ഇല്ലെങ്കിലും ഒരാഴ്ചയോളം സോളാർ വേലി പ്രവർത്തിക്കുമെന്നാണ് കമ്പനിയുടെ സി.ഇ.ഒ.യും ഇന്ത്യൻ റെയിൽവേയുടെ കൺസൾട്ടന്റുമായിരുന്ന പാലക്കാട് സ്വദേശി പാറക്കൽ മോഹനൻ മേനോൻ മാധ്യമത്തോട് പറഞ്ഞു.
10 മുതൽ 15 വർഷം വരെ ഇതിന് ഗാരന്റി നൽകാനാകുമെന്നും അദ്ദേഹം പറയുന്നു. സാധാരണ ഫെൻസിങ്ങിന് കിലോമീറ്ററിന് 1 കോടി 20 ലക്ഷം രൂപ വരെ ചെലവ് വരുമ്പോൾ 80 ലക്ഷമാണ് സ്മാർട്ട് ഫെൻസിങ്ങിന് ചെലവ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.