കൽപറ്റ: ജില്ലയിലെ എല്‍.പി, യു.പി സ്കൂളുകളിലെ അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നിയോഗിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തടസ്സമില്ലാത്ത രീതിയിൽ അധ്യാപകരുടെ ജോലി സമയം ക്രമീകരിച്ചാണ് കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്. അധ്യാപകരെ സംബന്ധിച്ച വിവരം (അധ്യാപകരുടെ താമസസ്ഥലം, ഫോണ്‍ നമ്പര്‍) ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറാൻ നിർദേശം നൽകി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ കണ്ട്രോള് റൂമുകളിലേക്ക് ആവശ്യാനുസരണം അധ്യാപകരെ നിയോഗിക്കുക. അധ്യാപകരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ തന്നെ നിയോഗിക്കണമെന്നും തുടര്‍ച്ചയായി ഒരാളെത്തന്നെ നിയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ കണ്ട്രോള് റൂമുകളിലേക്ക് നിയോഗിച്ചിട്ടുള്ള െപാലീസ്, ആരോഗ്യ, റവന്യൂ വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍ നിയോഗിച്ചുള്ള ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ല െപാലീസ് മേധാവി, ജില്ല മെഡിക്കല്‍ ഓഫിസര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി. കണ്ട്രോള് റൂമുകളിലേക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് സെക്രട്ടറി/ നോഡല്‍ ഓഫിസര്‍ എന്നിവരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണമെന്നും കൃത്യമായ കാരണങ്ങളില്ലാതെ ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.