കൽപറ്റ: പെരുന്തട്ടയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവകളെ പിടികൂടാൻ തീവ്രശ്രമം തുടരുന്നതായി വനംവകുപ്പ്. ‘റോയൽ സ്ട്രൈപ്സ്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം തുടരുകയാണ്. ചുണ്ടേൽ എസ്റ്റേറ്റിലെ ആനപ്പാറ ഡിവിഷനിലാണ് ഒക്ടോബർ 21 മുതൽ കടുവകളുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്.
ഒരു അമ്മക്കടുവയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങൾ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞിരുന്നു. എസ്റ്റേറ്റിനുള്ളിൽ മേയാൻ വിട്ട മൂന്ന് കന്നുകാലികളെയും കടുവ കൊന്നിരുന്നു. ഇവയല്ലാതെ മറ്റൊരു വലിയ കടുവയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
സി.സി.എഫ് കെ.എസ്. ദീപയുടെ മേൽനോട്ടത്തിൽ, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്, കെ. രാമൻ, എഫ്.വി.ഒ. അരുൺ സക്കറിയ, മേപ്പാടി ആർ.എഫ്.ഒ ഡി. ഹരിലാൽ, എ.എഫ്.വി.ഒ അജേഷ് മോഹൻദാസ്, ഡിവൈ.ആർ.എഫ്.ഒ കെ.പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം തുടരുന്നത്.
അതേസമയം, കടുവകൾ ഈ മേഖലയിൽ നിന്ന് മാറി ഉൾവനത്തിലേക്ക് പോയതായും സംശയമുണ്ട്. മൂന്ന് ദിവസമായി കാമറയിൽ കടുവകൾ പതിഞ്ഞിട്ടില്ല. കടുവകളുടെ സാന്നിധ്യം പുൽപാറ, പെരുന്തട്ട മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജനങ്ങൾ ഭയപ്പാടിലാണ്. കാപ്പിത്തോട്ടങ്ങളാലും തേയിലത്തോട്ടങ്ങളാലും ചെറുവനത്താലും ചുറ്റപ്പെട്ടതാണ് പെരുന്തട്ട ഗ്രാമം. ഇവിടെ ഏഴരക്കുണ്ടിന് സമീപത്തെ പാറക്കൂട്ടത്തിനു മുകളിൽ പുലിയെയും കണ്ടിരുന്നു. പെരുന്തട്ട ഗവ.യു.പി സ്കൂളിൽ നിന്ന് 500 മീറ്റർ അകലെയാണ് ഏഴരക്കുണ്ട്. കഴിഞ്ഞ 30നാണ് പെരുന്തട്ടയിലെ പൂട്ടിപ്പോയ ക്രഷറിനു സമീപം വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പിന്നീട് 200 മീറ്റർ ദൂരത്തേക്ക് കൂട് മാറ്റി സ്ഥാപിച്ചിരുന്നു. സമീപത്തായി കാമറയും ഉണ്ട്.
മൈസൂരുവിൽ നിന്ന് എത്തിച്ചതാണ് പ്രത്യേകതരത്തിലുള്ള വലിയ കൂട്. സാധാരണ കൂടുവെച്ചാൽ തള്ള കടുവയോ കുട്ടികളോ ഏതെങ്കിലും ഒന്നുമാത്രമോ കുടുങ്ങിയാൽ മറ്റ് കടുവകളുടെ പ്രതികരണം അക്രമാസക്തമാകാനിടയുണ്ടെന്ന് മനസ്സിലാക്കിയാണ് വലിയ കൂട് എത്തിച്ചത്. ഇത്തരം സാഹചര്യത്തിൽ മുമ്പ് കർണാടകയിൽ വലിയ കൂടുപയോഗിച്ച് കടുവകളെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.