കൽപറ്റ: വേനല്‍ ചൂടുവർധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് അറിയിച്ചു. ജില്ലയില്‍ ചൂടിന്റെ കാഠിന്യം കുറവാണെങ്കിലും ഉച്ച സമയങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം ഉയരുന്നതോടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തടസ്സപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. കനത്ത ചൂടില്‍ ശരീരത്തില്‍നിന്ന് അമിതമായ അളവില്‍ ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടമാകുന്നതിനെ തുടർന്നുണ്ടാകുന്ന അവസ്ഥയാണ് സൂര്യതാപം. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം, ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയര്‍ന്ന ശരീര താപനില എന്നിവ സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം ആരോഗ്യ പ്രശ്നങ്ങള്‍ മരണത്തിന് കാരണമായേക്കാം. പൊതുജനങ്ങള്‍ ചൂടിനനുസരിച്ച് ജീവിത രീതികളില്‍ മാറ്റം വരുത്തുകയും തികഞ്ഞ ജാഗ്രത പാലിക്കുകയും ചെയ്യണം.
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ടുമുതല്‍ മൂന്നുലിറ്റര്‍ വരെ വെള്ളം കുടിക്കണം. കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. പകല്‍ 11 മുതല്‍ വൈകീട്ട് മുന്നുവരെയുള്ള സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ ഒറ്റക്കിരുത്തി പോകരുത്. പുറത്തിറങ്ങുമ്പോള്‍ പരമാവധി തണലത്ത് നടക്കുക. ആവിശ്യത്തിന് വിശ്രമിക്കുക. പകല്‍ സമയത്ത് വീടുകളുടെ വാതില്‍, ജനല്‍ തുറന്ന് വായു സഞ്ചാരം ഉറപ്പാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിച്ച് സുരക്ഷാ മാർഗങ്ങള്‍ സ്വീകരിക്കണം. പോഷക സമൃദ്ധവും ജലാംശം കൂടുതലുള്ള പഴങ്ങള്‍, പച്ചക്കറികള്‍ കഴിക്കണം. ചായ, കാപ്പി, മദ്യം, കൃത്രിമ പാനീയങ്ങള്‍ എന്നിവ ചൂട് സമയത്ത് ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.