കൽപറ്റ: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിക്കുപിന്നാലെ ഇടത്, വലത് വ്യത്യാസമില്ലാതെ ജില്ലയിലെ രാഷ്ട്രീയക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആരോപിച്ചു. ജില്ലയെ ഒന്നാകെ തകർക്കുന്ന ബഫർ സോൺ നടപടികളെ കക്ഷി രാഷ്ട്രീയ ചിന്താഗതികളും താൽപര്യങ്ങളും മാറ്റിവെച്ച് ഒരുമിച്ചുനിന്ന് പരിഹാരം കണ്ടെത്തുന്നതിന് പകരം ഓരോ പാർട്ടിയും സ്വന്തം നിലക്ക് ബന്ദും ഹർത്താലും പ്രഖ്യാപിച്ച് പ്രശ്നത്തിൽ ഇടപെട്ടുവെന്ന് വരുത്തിത്തീർക്കുകയാണ്.
ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹർത്താലുകൾ പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയെ മറികടക്കാൻ ഇരകളെ തന്നെ അനാവശ്യമായി വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വഞ്ചനാ നയങ്ങൾ തിരുത്തണം. ജില്ല തലത്തിലും പ്രാദേശിക തലത്തിലും ഹർത്താൽ നടത്തി ചെറുകിട കച്ചവടക്കാരുടെയും സാധാരണ ജനങ്ങളുടെയും അന്നംമുടക്കിയാൽ കോടതിവിധി പുനഃപരിശോധിക്കുമെന്നാണ് ഇക്കൂട്ടർ വ്യാമോഹിക്കുന്നത്.
ആറളം വന്യജീവി സങ്കേതം, മലബാർ വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം തുടങ്ങി മൂന്നു വന്യജീവി സങ്കേതങ്ങളുടെയും അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയാക്കി മാറ്റിയാൽ വയനാട്ടിലെ ജനവാസകേന്ദ്രങ്ങളിൽ ജീവിക്കുന്ന ജനങ്ങളെ അതിഗുരുതരമായി ബാധിക്കും.
വയനാടിനെ തകർക്കുന്ന ഈ വിധിയെ രാഷ്ട്രീയ ഇച്ഛാ ശക്തിയോടെ വിലയിരുത്തി സർവ കക്ഷികളും ഒരുമനസ്സോടെ ഏകോപിച്ച് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുകയാണ് വേണ്ടത്. ജില്ലയിൽ എൽ.എ പട്ടയഭൂമിയിലും വയനാട് കോളനൈസേഷൻ ഭൂമിയിലും സംസ്ഥാന റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നടപ്പാക്കിയ നിർമാണ നിരോധനം നീക്കാൻ ചെറുവിരൽ പോലും അനക്കാത്തവരാണ് വയനാട്ടിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ.
'സുപ്രീംകോടതി വിധി കാര്‍ഷിക മേഖലയുടെ സുസ്ഥിരതക്ക് അനിവാര്യം'
സുപ്രീം കോടതി വിധിയിൽ ഇളവുകൾ ലഭിക്കാൻ കേന്ദ്ര എംപവേഡ് കമ്മിറ്റി, കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പുകളെ സമീപിച്ച് നിർദേശങ്ങൾ നൽകണമെന്ന് കോടതിവിധിയിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ സംസ്ഥാന സർക്കാറുമായി ആലോചിച്ച് നിയമപരമായി ശാശ്വത പരിഹാരമാർഗങ്ങൾ തേടണം.
വയനാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങൾ വിഘടിച്ചുനിന്ന് 766 ദേശീയ പാതയിലെ രാത്രിയാത്ര നിരോധനത്തെ സാധൂകരിച്ച സാഹചര്യം മറക്കരുതെന്നും ജില്ല ഭാരവാഹികൾ പറഞ്ഞു.
ജില്ല പ്രസിഡന്റ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, ട്രഷറർ ഇ. ഹൈദ്രു, കെ. ഉസ്മാൻ, കെ. കുഞ്ഞിരായിൻ ഹാജി, ജോജിൻ ടി. ജോയ്, പി.വി. മഹേഷ്, പി.വൈ. മത്തായി, സി.വി. വർഗീസ് എന്നിവർ സംസാരിച്ചു.
കൽപറ്റ: വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയാണെന്ന സുപ്രീംകോടതി വിധി കാര്‍ഷിക മേഖലയുടെ സുസ്ഥിരതക്ക് അനിവാര്യമാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. കോടതി വിധിക്കെതിരെ കര്‍ഷകരെ ഇളക്കിവിട്ട് യഥാര്‍ഥ പ്രശ്‌നങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
1986 മുതല്‍ വിവിധ ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബഫര്‍ സോണുകളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ 2002ല്‍ സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത് വനാതിര്‍ത്തിയില്‍ ഒന്നുമുതല്‍ 10 കി.മീ. വരെ ബഫര്‍ സോണുകളായി നിലനിര്‍ത്തുക എന്നാണ്. ഇതില്‍ എത്രയാകാമെന്ന അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ ഈ 10 കി.മീ. നിലനില്‍ക്കുമെന്ന് കമ്മിറ്റി 2011ല്‍ സംസ്ഥാനങ്ങളെ അറിയിച്ചതുമാണ്.
2012ല്‍ കമ്മിറ്റി വീണ്ടും നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2014ല്‍ ഉമ്മൻ ചാണ്ടി നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള 123 വില്ലേജുകളെ മാറ്റി 92 വില്ലേജുകളെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നൽകി. ഇതനുസരിച്ച് വനാതിര്‍ത്തിയിലെ ദൂരപരിധി 3.04 കി.മീ. ആണ്. അതേസമയം 2018ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.ജെ. കുര്യന്‍ കമ്മിറ്റിയെ നിയോഗിച്ച് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളതില്‍നിന്ന് 32 വില്ലേജുകളെക്കൂടി ഒഴിവാക്കുകയും വനാതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം എല്ലായിടത്തും വേണമെന്ന റിപ്പോര്‍ട്ട് നല്‍കുകയുമാണുണ്ടായത്.
കേരളം ഭരിച്ച ഇരുമുന്നണികളുടെയും നിഷേധാത്മക സമീപനമാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നതിന് കാരണമായത്.
നാടിന്റെ സംരക്ഷണത്തിന് ഈ വിധി അനിവാര്യമാണെന്നും വര്‍ഗീസ് വട്ടേക്കാട്ടില്‍, എന്‍. സലീംകുമാര്‍, എ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പറഞ്ഞു.
കേവല ധാരണയില്ലാത്ത ആളാണ് രാഹുല്‍ ഗാന്ധിയെന്ന് സി.പി.എം ജില്ല സെക്രട്ടറി
കൽപറ്റ: സുപ്രീംകോടതി പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധി സംബന്ധിച്ച രാഹുല്‍ ഗാന്ധി എം.പിയുടെ പ്രസ്താവന ഇക്കാര്യത്തിൽ കേവല ധാരണപോലുമില്ലാത്ത ആളാണ് അദ്ദേഹമെന്ന് വെളിവാക്കുന്നതായി സി.പി.എം വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിന്‍.
കോടതിവിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്തുന്നതിനാവശ്യമായ പ്രക്ഷോഭങ്ങള്‍ക്ക് ഡല്‍ഹിയിലടക്കം നേതൃത്വം നല്‍കേണ്ട ലോക്‌സഭാംഗം കേരള മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എന്നാണ് പറയുന്നത്.
മുഖ്യമന്ത്രി കേരള സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയതാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ വിധിയെ മറികടക്കാന്‍ നിയമം സൃഷ്ടിക്കാന്‍ കഴിയും.
എല്ലാം സംസ്ഥാന സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കാനുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ താല്‍പര്യമാണ് രാഹുല്‍ ഗാന്ധി എം.പി സംരക്ഷിക്കുന്നതെന്നും ഗഗാറിൻ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.