ഡിജിറ്റൽ വോട്ടുതേടൽ സജീവമാക്കി സ്ഥാനാർഥികൾ

കൽപറ്റ: നവമാധ്യമങ്ങൾ തുറന്നാൽ നിറചിരിയുമായി കൈവീശിയും 'കളർഫുള്ളായും' വോട്ടു ചോദിക്കുന്ന സ്ഥാനാർഥികളുടെ തള്ളിക്ക‍യറ്റമാണ്. മാസ്‌ക്കില്ലാത്ത മുഖം കാണിക്കാനും നവമാധ്യമങ്ങൾതന്നെ മാർഗം. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം സമൂഹ മാധ്യങ്ങൾ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.

സ്ഥാനാർഥി നിർണയം പൂർത്തിയായ വാർഡുകളിലെ സ്ഥാനാർഥികളാണ് ഡിജിറ്റൽ വോട്ട് അഭ്യർഥിച്ച് നവമാധ്യമങ്ങളിൽ സജീവമായത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ചാ​ര​ണം ​െകാ​ഴു​പ്പി​ക്കാ​നു​ള്ള നീക്കങ്ങൾ പാർട്ടികളും ശക്തമാക്കി. ആൾക്കൂട്ടത്തിനും വീടുകയറുന്നതിനും നിയന്ത്രണമുള്ളതിനാൽ പ്രചാരണത്തി​െൻറ മുഖ്യവേദിയായി ഫേസ്ബുക്ക്‌‌, വാട്സ്‌ ആപ്‌, ട്വിറ്റർ, ഇൻസ്​റ്റഗ്രാം മാധ്യമങ്ങൾ മാറുകയാണ്. ഇതിനായി വാർഡുതലത്തിൽ വാട്സ് ആപ് ഗ്രൂപ്പുകളും പ്രത്യേക ഐ.ടി സെല്ലുകളും രൂപവത്കരിച്ചിട്ടുണ്ട്. കവലകളും ചായക്കടകളും കേന്ദ്രീകരിച്ച് നടന്ന ചൂടൻ ചർച്ചകൾക്ക്‌ കോവിഡ്‌ വിലങ്ങിട്ടതോടെയാണ് തെരഞ്ഞെടുപ്പ്‌ വാദപ്രതിവാദങ്ങളുടെ മുഖ്യവേദിയായി സമൂഹമാധ്യമങ്ങൾ മാറിയത്. പ്രാദേശികമായ വികസന പ്രവർത്തനങ്ങളും അഴിമതി ആരോപണങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കാനാണ് പാർട്ടികൾ ലക്ഷ്യമിടുന്നത്.

സ്ഥാനാർഥി നിർണയം പൂർത്തിയായ പ്രദേശങ്ങളിലെ മത്സരാർഥികൾ ഇതിനകം നവമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. സ്ഥാനാർഥികളുടെ ചിത്രവും ബാനറും അഭ്യർഥനയുമെല്ലാം പരമാവധി വോട്ടർമാരിലെത്തിക്കാനാണ് ശ്രമം. ചെറുവിഡിയോകൾ, കാർട്ടൂൺ, കാരിക്കേച്ചർ തുടങ്ങിയവയുടെ സാധ്യതയും ഉപയോഗിക്കുന്നുണ്ട്‌. സ്ഥാനാർഥി നിർണയം പൂർത്തിയാവുന്നതോടെ തെരഞ്ഞെടുപ്പ്‌ ചൂടിൽ നവമാധ്യമങ്ങൾ വിയർത്ത്‌ കുളിക്കുമെന്നുറപ്പ്‌. ഒരുഭാഗത്ത് റോഡെഴുത്തും ചുവരെഴുത്തുമെല്ലാം തകൃതിയായി നടക്കുന്നു‌ണ്ട്. തെരുവോരങ്ങളിൽ വിവിധ പാർട്ടികളുടെ ചിഹ്നവും നിരന്നു. പുത്തൻ തെരഞ്ഞെടുപ്പ്‌ ഗാനങ്ങളും അണിയറയിൽ ഒരുങ്ങുന്നു.

വിവിധ പാക്കേജുകളുമായി സ്ഥാനാർഥികളെ ചാക്കിലാക്കാൻ ഇവൻറ് മാനേജ്മെൻറുകളും വലവീശുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ തെരഞ്ഞെടുപ്പ് അവസരമാക്കുകയാണ് ഇക്കൂട്ടർ. കുറഞ്ഞ ചെലവിൽ സ്ഥാനാർഥിയുടെ പ്രചാരണത്തിന് ആവശ്യമായ പോസ്​റ്ററുകളും പ്രിൻറിങ് വാർക്കുകളും ചെയ്തുകൊടുക്കുമെന്നാണ് ഇവരുടെ ഓഫർ. സ്ഥാനാർഥികളുടെ മുഖം പ്രിൻറ് ചെയ്ത മാസ്ക്കുകളും ചെയ്തുകൊടുക്കും. എല്ലാം കൂടിയാവുമ്പോൾ തെരഞ്ഞെടുപ്പ്‌ പ്രചാരണം പൊളിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.