കൽപറ്റ: കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമെ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതങ്ങള്‍ എന്നിവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിപണനം നിയന്ത്രിക്കുന്നതിനുളള നിയമ നിർമാണം നടത്തുകയുള്ളൂവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ജില്ല ആസുത്രണ ഭവനില്‍ നാലു ജില്ലകളിലെ കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് നടന്ന നിയമസഭ സമിതി തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സുരക്ഷിതവും ഗുണമേന്മയുതുമായ തീറ്റ ലഭ്യത ഉറപ്പാക്കലും മായം കലര്‍ത്തലും വ്യാജ ഉത്പന്നങ്ങളും തടയുകയുമാണ് നിയമനിർമാണത്തിന്റെ ലക്ഷ്യം.
കര്‍ഷരുടെയും മേഖലയുമായി ബന്ധപ്പെടുന്നവരുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും നിയമ രൂപവത്കരണത്തിനായി പരിഗണിക്കും. നിലവില്‍ നിയമം നടപ്പാക്കിയ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിയമസഭ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയ ശേഷമാണ് ബില്ലിന് അന്തിമ രൂപം നല്‍കുകയെന്നും മന്ത്രി പറഞ്ഞു. തീറ്റകളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കര്‍ഷക സമൂഹം അറിയിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത തീറ്റയിലൂടെ നിരവധി അസുഖങ്ങളും വളര്‍ത്ത് മൃഗങ്ങള്‍ക്കുണ്ടാകുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മക്കും കേരള ഫീഡ്സിനും കര്‍ഷകരുടെ ആവശ്യകതയുടെ അമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് നിറവേറ്റാന്‍ സാധിക്കുന്നത്. സ്വകാര്യ മേഖല ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സുലഭമായി തീറ്റകളും ബദല്‍തീറ്റകളും കേരളത്തിലേക്ക് എത്തുന്നു.
മിക്ക ബദല്‍ തീറ്റകളിലേയും മായം കണ്ടെത്താനും പ്രയാസമാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നതോ വില്പന നടത്തുന്നതോ ആയ തീറ്റകള്‍ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരുന്നത്. തീറ്റയില്‍ ചേര്‍ത്തിരിക്കുന്ന അനുബന്ധ വസ്തുക്കളെ കുറിച്ചും അളവ് തൂക്കം, കാലാവധി തുടങ്ങിയ വിവരങ്ങളും പാക്കറ്റില്‍ രേഖപ്പെടുത്താനും നിയമത്തില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കാസർകോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കര്‍ഷക സംഘം പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിവരില്‍ നിന്നാണ് ബില്ലിലെ വ്യവസ്ഥകളില്‍ അഭിപ്രായങ്ങളും നിർദേശങ്ങളും നിയമസഭ സെലക്ട് കമ്മിറ്റി തേടിയത്.
സമിതി അംഗങ്ങളായ കെ.പി. മോഹനന്, കെ.കെ. രമ, മാത്യു കുഴല്നാടന്, കുറിക്കോളി മൊയ്തീന്, ഡി.കെ. മുരളി, ജോബ് മൈക്കിള്‍, സി.കെ. ആശ, കെ.ഡി. പ്രസേനന്‍, കെ.പി. കുഞ്ഞമദ് കുട്ടി, ജി.എസ്. ജയലാല്‍ എന്നീ എം.എല്‍.എമാരും മന്ത്രി ജെ. ചിഞ്ചുറാണിയോടൊപ്പം തെളിവെടുപ്പിന് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.