കൽപറ്റ: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ തിരികെ പ്രവേശിക്കാനുള്ള സമയക്രമം രാത്രി 9.30 എന്നത് ഒഴിവാക്കണമെന്ന ആവശ്യത്തിൽ കേരള വെറ്ററിനറി സർവകലാശാല രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സർവകലാശാല രജിസ്ട്രാർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ആരോഗ്യ വകുപ്പ് 2022 ഡിസംബർ ആറിന് പുറത്തിറക്കിയ ഉത്തരവിൽ ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള ഹോസ്റ്റലുകളിൽ തിരികെ പ്രവേശിക്കുന്നതിനുള്ള സമയക്രമം വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള ഹോസ്റ്റലുകളിലും നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഉത്തരവായിട്ടുണ്ട്.
വെറ്ററിനറി സർവകലാശാലയിൽ പ്രായോഗികമായി ഉത്തരവ് നടപ്പാക്കാൻ സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളിലെ ഡീൻ, അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ച് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. വിദ്യാർഥി നേതാവ് വൈശാഖ് എസ്. കുമാർ നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.