ചെമ്പ്ര പീക്ക്‌ ഫണ്ട് തിരിമറി: മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

കൽപറ്റ: ചെമ്പ്ര പീക്ക്‌ ഇക്കോ ടൂറിസം കേന്ദ്രത്തിൽനിന്ന്‌ പണം തിരിമറി നടത്തിയ സംഭവത്തിൽ മൂന്ന്‌ വനംവകുപ്പ്‌ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു. സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫിസർമാരായ പി.പി. ബിനീഷ്‌, എം.എ. രഞ്ജിത്‌, വി.പി. വിഷ്‌ണു എന്നിവർക്കാണ്‌ സസ്‌പെൻഷൻ. നോർത്ത്‌ വയനാട്‌ ഡി.എഫ്‌.ഒ കെ.ജെ. മാർട്ടിൻ ലോവലാണ്‌ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ സസ്‌പെൻഡ്‌ ചെയ്‌തത്‌. ചീഫ്‌ ഫോറസ്‌റ്റ്‌ കൺസർവേറ്ററുടെ നിർദേശപ്രകാരം സൗത്ത്‌ വയനാട്‌ ഡി.എഫ്‌.ഒയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

ചെമ്പ്ര പീക്ക്‌ ട്രക്കിങ്‌ ഫീസ്‌ ഇനത്തിൽ 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിച്ച തുക ഏപ്രിൽ മാസം ആയിട്ടും സൗത്ത്‌ വയനാട്‌ ഡി.എഫ്‌.ഒയുടെ പ്രത്യേക അക്കൗണ്ടിൽ അടക്കാത്തതിനെതുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ സാമ്പത്തിക തിരിമറി പുറത്തറിയുന്നത്. 2021 ആഗസ്റ്റ് മുതൽ 2024 ഏപ്രിൽവരെയുള്ള കാലത്തിനിടയിലെ 16,01,931 രൂപയുടെ കുറവുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന്‌ പണം തിരിമറി നടത്തിയ ജീവനക്കാർ ഈ തുക ഡി.എഫ്.ഒയുടെ അക്കൗണ്ടിൽ അടച്ചു. ഇതുസംബന്ധിച്ച് വനംവകുപ്പ് വിജിലൻസ് സംഘവും അന്വേഷണം നടത്തിയിരുന്നു. സാമ്പത്തിക കുറ്റകൃത്യം എന്ന നിലയിൽ വനംവകുപ്പ് ആവശ്യപ്രകാരം പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. 

Tags:    
News Summary - Chembra Peak Fund Upheaval: Three Employees Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.