കൽപറ്റ: കേരളത്തിലെ കോഴി വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന അമിത ഭാരം ലഘൂകരിക്കാൻ ബദൽ നിർദേശങ്ങളുമായി പൂക്കോട് വെറ്ററിനറി സർവകലാശാല. നാടൻ കോഴിയിനങ്ങളെയും മുട്ടക്കോഴി കുഞ്ഞുങ്ങളിലെ പൂവന്മാരെയും അടുക്കള മുറ്റത്ത് വളർത്തി, അവക്ക് തീറ്റയായി ഗാർഹിക മാലിന്യത്തിൽ വളരുന്ന കുഞ്ഞ് ലാർവകളെ ഉപയോഗിച്ചുള്ള പദ്ധതിയാണ് തയാറാക്കിയത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ കുടുംബശ്രീയുമായി കൈകോർത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്നത്.
വീട്ടുമുറ്റത്ത് കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന പരിചയ സമ്പന്നരായ അമ്പത് കുടുംബശ്രീ അംഗങ്ങൾക്ക് പത്ത് നാടൻ കോഴിക്കുഞ്ഞുങ്ങളോ പൂവൻ കോഴിക്കുഞ്ഞുങ്ങളോ നൽകുകയും ഒപ്പം അവരുടെ വീടുകളിൽ ലാർവകൾ ഉൽപാദിപ്പിക്കുന്ന ചെറുയൂനിറ്റുകൾ സജ്ജമാക്കി കൊടുക്കുകയും ശാസ്ത്രീയ കോഴി പരിപാലനത്തിൽ പരിശീലനം നൽകുകയും ചെയ്യും.
സർവകലാശാല തന്നെ ഗവേഷണത്തിലൂടെ ഉൽപാദിപ്പിച്ച ഗ്രാമശ്രീ ഇനം മുട്ടക്കോഴികളുടെ പൂവൻമാരും തലശ്ശേരി ഇനത്തിൽപ്പെട്ട നാടൻ കോഴിക്കുഞ്ഞുങ്ങളുമാണ് പദ്ധതിക്കായി ഉപയോഗിക്കുക. സർവകലാശാലയിലെ ശാസ്ത്രഞ്ജർ ഗവേഷണത്തിലൂടെ തയാറാക്കിയ ബ്ലാക്ക് സോൾജിയർ ലാർവ ഉപയോഗിച്ചുള്ള മാലിന്യ നിർമാർജന യൂനിറ്റുകളാണ് കോഴികളുടെ തീറ്റയായി ഉപയോഗിക്കുക.
രണ്ട് മുതൽ മൂന്ന് മാസംവരെ നീണ്ടുനിൽക്കുന്ന പരിപാലനത്തിന് ശേഷം ഇറച്ചിക്കോഴികളായി ഇവയെ വിപണനം നടത്താം. കുടുംബശ്രീ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതിയുമായോ തനതു ഇറച്ചിക്കോഴി വളർത്തൽ യൂനിറ്റുകളായോ ഭാവിയിൽ ഈ പദ്ധതി ഏകോപിപ്പിക്കാം. കേരളം മുഴുവൻ ഈ പദ്ധതി നടപ്പാക്കാനും സാധിക്കും. സർവകലാശാല സംഘടിപ്പിച്ച ശിൽപശാലയിലാണ് പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.