കല്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സ്വീകരിക്കുന്നത് മൃദുമോദിത്വ സമീപനമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. വയനാട്ടിലെത്തിയ മുഖ്യമന്ത്രി ജനങ്ങളുടെ കാതലായ ഒരു പ്രശ്നവും പരാമര്‍ശിക്കാതെ പ്രസംഗത്തിലുടനീളം രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നു.
മോദിയുടെ നയങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുകയും രാജ്യത്ത ജനങ്ങളില്‍ ആത്മവിശ്വാസം പകരുന്നതിനായി ഭാരത് ജോഡോ യാത്ര നടത്തുകയും ചെയ്ത രാഹുല്‍ഗാന്ധിക്കെതിരായ വാക്കുകള്‍ മോദിയെ സുഖിപ്പിക്കാനാണെന്നും വാര്‍ത്തസമ്മേളനത്തില്‍ സിദ്ദീഖ് പറഞ്ഞു. വയനാട് എം.പിയുടെ പേരെടുത്ത് പറഞ്ഞ മുഖ്യമന്ത്രി ഒരിടത്ത് പോലും പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാന്‍ തയാറായില്ല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഈ നിയമത്തിനെതിരെ അതിശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തിയത്.
രാഹുല്‍ഗാന്ധി എം.പി അതിശക്തമായ ഭാഷയിലാണ് നിയമത്തിനെതിരെ പ്രതികരിച്ചത്. വയനാട്ടില്‍ ആയിരക്കണക്കിനാളുകളെ അണിനിരത്തി സി.എ.എക്കെതിരെ ഭരണഘടന സംരക്ഷണയാത്രക്ക് നേതൃത്വം നല്കിയ രാഹുല്‍ഗാന്ധി, പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിനും നേതൃത്വം നല്കി. നിയമസഭയില്‍ സി.എ.എയുമായി ബന്ധപ്പെട്ട് നിരവധി പ്രമേയങ്ങളുള്പ്പെടെ വന്നെങ്കിലും ആര്.എസ്.എസിനും സംഘ്പരിവാറിനുമെതിരെ ഒന്നും പറയാന്‍ മുഖ്യമന്ത്രി തയാറായില്ല.
ന്യൂനപക്ഷങ്ങളുടെ ചുമലില്‍ കൈവെക്കുകയും ഉടലില്‍ തലോടുകയും പ്രായോഗികതലത്തില്‍ വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.എമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്. ബി.ജെ.പിയും- സി.പി.എമ്മും ഒരേ തൂവല്‍പക്ഷികളാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി.എ കണ്‍വീനറായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.