കൽപറ്റ: മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശിശുദിനത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിക്കും. മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുക, പുതുതലമുറയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതസഭ. പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷൻ, നവകേരളം മിഷൻ തുടങ്ങിയവർ നേതൃത്വം നൽകും.
ഹരിത സഭയിൽ 150 മുതൽ 200 വരെ കുട്ടികളെ പങ്കെടുപ്പിക്കും. എല്ലാം സ്കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും. ഹരിത സഭയിൽ അംഗമായ കുട്ടികൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ടിൽ കണ്ടെത്തുന്ന പ്രശ്നങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾ വിലയിരുത്തുകയും പരിഹരിക്കുകയും ചെയ്യും. ഹരിത സഭയുടെ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും കുട്ടികൾ തയാറാക്കിയ റിപ്പോർട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തും.
ഹരിത സഭയിലൂടെ കുട്ടികൾ രൂപവത്കരിച്ച പുതിയ ആശയങ്ങൾ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയിൽ ഉൾപ്പെടുത്തും. ഹരിത സഭയിലൂടെ കുട്ടികൾക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം പ്രവർത്തനങ്ങൾ വിലയിരുത്താനും പോരായ്മകൾ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ച് കൃത്യമായി മാലിന്യ സംസ്കരണം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.