കൽപറ്റ: അധ്യാപകർ നിർബന്ധിത ക്ലസ്റ്റർ മീറ്റിങ്ങിന് പോയതിനെ തുടർന്നു ജില്ല കായിക മേളയിൽ പങ്കെടുക്കേണ്ട വിദ്യാർഥിനിക്ക് അവസരം നഷ്ടപ്പെട്ടു. വിദ്യാർഥിനിയെ മത്സരത്തിന് കൊണ്ടുപോകാൻ ആരും ഇല്ലാത്തതിനെ തുടർന്ന് വൈത്തിരി താലൂക്കിലെ കമ്പളക്കാട് കരിങ്കുറ്റി ജി.വി.എച്ച്.എസ്.ഇയിലെ സന്ധ്യ എന്ന വിദ്യാർഥിനിക്കാണ് ജില്ല കായികമേളയിൽ അവസരം നഷ്ടപ്പെട്ടത്. ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനടക്കം മുഴുവൻ അധ്യാപകരും ക്ലസ്റ്റർ യോഗത്തിന് പോയതാണ് കായികതാരത്തിന് തിരിച്ചടിയായത്. ജില്ല കായികമേള നടക്കുമ്പോൾ തന്നെ അധ്യാപകർക്ക് നിർബന്ധിത ക്ലസ്റ്റർ വെച്ചത് സംബന്ധിച്ചു മാധ്യമം കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ജില്ല കായിക മേളക്കിടെ ക്ലസ്റ്റർ പരിശീലനം നടത്തുന്നത് അധ്യാപകരെയും വിദ്യാർഥികളെയും വലക്കുമെന്ന് പരാതി ഉയർന്നിരുന്നു. കായികമേള നടക്കുന്ന ദിവസം ജില്ലയിലെ മുഴുവൻ അധ്യാപകർക്കും ക്ലസ്റ്റർ യോഗം നടത്തുന്നതിനെതിരെ പരാതിയുമായി അധ്യാപകർ തന്നെ രംഗത്തുവന്നിരുന്നെങ്കിലും ആർക്കും ലീവ് പോലും അനുവദിക്കില്ലെന്നും കായിക മേള ഡ്യൂട്ടിയിൽ ഉള്ളവർ ഉൾെപ്പടെ പങ്കെടുക്കണമെന്നുമായിരുന്നു ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
എൽ. പി, യു .പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപകർക്കാണ് കായികമേളയുടെ അവസാന ദിവസമായ ശനിയാഴ്ച ക്ലസ്റ്റർ യോഗങ്ങൾ ഉപജില്ലതലത്തിൽ നടത്തിയത്. ഈ മീറ്റിങ്ങിൽ നിന്നും തൽക്കാലം ഒരാളെ എങ്കിലും ഒഴിവാക്കിയിരുന്നുവെങ്കിൽ സന്ധ്യക്ക് കായികമേളയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.
എന്നാൽ ഈ വിദ്യാർഥിനിയെ കായികമേളക്ക് എത്തിക്കാൻ ഒരു അധ്യാപകൻ പോലും ഉണ്ടായിരുന്നില്ല. എല്ലാവരും യോഗത്തിൽ ആയിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. സന്ധ്യ താമസിക്കുന്ന സാമൂഹിക നീതിവകുപ്പിന്റെ ട്രൈബൽ ഹോസ്റ്റലിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും അധ്യാപികക്ക് ഒപ്പം മാത്രമേ വിടാൻ കഴിയുകയുള്ളൂ എന്നതും തിരിച്ചടിയായി.
മറ്റ് സംവിധാനങ്ങൾ ഒരുക്കാത്തത് മത്സരത്തിൽ ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന വിദ്യാർഥിയുടെ കായിക മോഹത്തിനാണ് തിരിച്ചടിയായത്. വൈത്തിരി സബ് ജില്ലയിൽ ജൂനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനക്കാരിയായിരുന്ന സന്ധ്യ. മേളയിൽ പങ്കെടുക്കുന്നതിന് എല്ലവിധ ഒരുക്കങ്ങളുമായി സന്ധ്യ ശനിയാഴ്ച രാവിലെ മുതൽ ഹോസ്റ്റലിൽ കാത്തിരുന്നെങ്കിലും അധ്യാപകർ എത്താതായതോടെ മോഹം ഉപേക്ഷിക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.