കല്പറ്റ: ജില്ലയിൽ 15 വര്‍ഷത്തിനുള്ളില്‍ നൂറിലധികം കര്‍ഷകർ ആത്മഹത്യചെയ്തിട്ടുണ്ടെന്ന് ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ റിപ്പോര്‍ട്ട്. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ. വി. ദേവദാസ് നല്കിയ പരാതിയിലാണ് കമീഷൻ കലക്ടറിൽനിന്ന് റിപ്പോർട്ട് തേടിയത്. വായ്പയെടുക്കാൻ കർഷകർക്ക് ബാങ്കുകളില്‍ കര്‍ശന വ്യവസ്ഥയുണ്ട്.
ഇതിനാൽ അവർ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് അമിത പലിശയ്ക്ക് വായ്പയെടുക്കാൻ നിർബന്ധിതരാകുന്നുവെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള കടബാധ്യതയിലായതിനാലാണ് ആത്മഹത്യ ചെയ്യുന്നത്.
ഇത് പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം, സ്വകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്നപലിശ ഈടാക്കുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം, കര്‍ഷകര്‍ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം, കാര്ഷികോൽപന്നങ്ങളുടെ വില നിയന്ത്രിക്കണം, കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന കൃഷിനാശം പ്രതിരോധിക്കാന്‍ നടപടിയെടുക്കണം തുടങ്ങിയ ആവശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
വായ്പക്കായി കര്‍ഷകര്‍ പൊതുവേ സമീപിക്കുന്നത് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളെയാണ്. അവരുടെ വ്യവസ്ഥകള്‍ തടസ്സമാവുമ്പോഴാണ് സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കുന്നത്. ഇവർ എളുപ്പത്തിൽ വായ്പ നൽകും. എന്നാൽ, അമിത പലിശയായിരിക്കും.
തിരിച്ചടവില്‍ കര്‍ശന നിബന്ധനകളുമുണ്ടാകും. വായ്പ തിരിച്ചടക്കാന്‍ കഴിയാതെവരുമ്പോള്‍ കർഷകർ ആത്മഹത്യ തെരഞ്ഞെടുക്കുന്നുവെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. കലക്ടറുടെ റിപ്പോർട്ടിൽതന്നെ ഗുരുതരമായ കാര്യങ്ങളുള്ളതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം, ആത്മഹത്യകള്‍ തടയാന്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി അടിയന്തരനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷന് ആവശ്യപ്പെട്ടു.
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കമീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കര്‍ഷക ആത്മഹത്യകള്‍ തടയുന്നത് സംബന്ധിച്ചു കലക്ടർ സമര്‍പ്പിച്ച റിപ്പോര്‍ട്ട് യഥാര്‍ഥ കാരണം വെളിവാക്കുന്നതാണ്.
കൽപറ്റ: വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ആവശ്യപ്പെട്ടു. വയനാട്ടില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ നൂറിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗവും കടക്കെണി മൂലമാണെന്നും കലക്ടര്‍ മനുഷ്യാവകാശ കമീഷന് നല്കിയ റിപ്പോര്‍ട്ട് അതീവ ഗൗരവതരമാണ്.
കാര്‍ഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാര്‍ നോക്കിനില്ക്കുന്ന സാഹചര്യമാണുള്ളത്. കാലവര്‍ഷക്കെടുതിയും, വരള്‍ച്ചയും മൂലം കാര്‍ഷികവിളകള്‍ നശിച്ചാല്‍ സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന് പോലും സര്‍ക്കാര്‍ തയാറാവുന്നില്ല. ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് പുല്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടെ കരിഞ്ഞുണങ്ങിയത്.
കാപ്പിയും, കുരുമുളകും ഉള്‍പ്പെടെയുള്ള വിളകള്‍ കരിഞ്ഞുണങ്ങിയത് കര്‍ഷകരുടെ പ്രതീക്ഷകളെ തന്നെയാണ് ഇല്ലാതാക്കിയത്. വയനാടിന്റെ കാര്‍ഷികമേഖലക്ക് ഉള്‍പ്പെടെ ഗുണകരമാവേണ്ട ഒരു പദ്ധതി പോലും നടപ്പാക്കാന്‍ ഈ സര്‍ക്കാറിന് സാധിച്ചില്ല. അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അപ്പച്ചന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.