കൽപറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയ ഭൂമിയിൽ നടന്ന മരംകൊള്ളയിൽ റവന്യൂ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള 22 അംഗ അന്വേഷണ സംഘമാണ് മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലത്ത് തെളിവെടുപ്പിനെത്തിയത്.
മുറിച്ച മരങ്ങളില്‍ ആറെണ്ണത്തിെൻറ തെളിവുകൾ സംഘം ശേഖരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പരിശോധനയെന്ന് ഡിവൈ.എസ്.പി പറഞ്ഞു. കേസില്‍ റവന്യൂ വകുപ്പ് 68 ആളുകളുടെ മേലാണ് കുറ്റമാരോപിച്ചത്.
ഇതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കുമ്പോള്‍ മാത്രമേ എത്രയാളുകള്‍ കേസില്‍ പ്രതികളാകുമെന്ന് വ്യക്തമാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ആദിവാസികളെയും കർഷകരെയും കബളിപ്പിച്ചാണ് പ്രതികൾ പട്ടയഭൂമിയിൽനിന്ന് 202 ക്യൂബിക് മീറ്റർ മരം മുറിച്ചത്. ഭൂവുടമകൾക്ക് തുച്ഛമായ പണം മാത്രമാണ് നൽകിയത്. കേസിൽ ആദിവാസികൾ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയതിൽ ആക്ഷേപമുണ്ട്. ആദിവാസികളെ കബളിപ്പിച്ചെന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
കല്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമികളില്‍ കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന വീട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട അന്തര്‍നാടകങ്ങള്‍ മറനീക്കാന്‍ വനം വിജിലന്‍സ് സി.സി.എഫിെൻറ അന്വേഷണം പര്യാപ്തമല്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍. കേസിലെ ഗൂഢാലോചന വെളിച്ചത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണമോ െപാലീസ് വിജിലന്‍സ് അന്വേഷണമോ ആണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ റവന്യൂ പട്ടയഭൂമികളില്‍ സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതും വൃക്ഷവില അടച്ചതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ കൈവശക്കാരനെ മുറിക്കാൻ അനുവദിക്കുന്ന ഉത്തരവ് 2020 നവംബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയിരുന്നു. ഇത് മറയാക്കിയാണ് വയനാട്ടിലും ഇടുക്കി ഉള്‍പ്പെടെ മറ്റു ജില്ലകളിലും റവന്യൂ പട്ടയ ഭൂമികളില്‍ വീട്ടിയും തേക്കും അടക്കം സര്‍ക്കാറിനു യഥാര്‍ഥ ഉടമാവകാശമുള്ള മരങ്ങള്‍ മുറിച്ചത്.
1964ലെ കേരള ഭൂപതിവ് നിയമപ്രകാരം അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങള്‍. ഓരോ സ്ഥലത്തുമുള്ള വീട്ടിയും തേക്കും ചന്ദനവും അടക്കം ഏതാനും ഇനം മരങ്ങളുടെ ഉടമാവകാശം സര്‍ക്കാറില്‍ നിലനിര്‍ത്തിയാണ് കൈവശക്കാര്‍ക്കു പട്ടയം നല്‍കിയത്. ഈ മരങ്ങള്‍ സംരക്ഷിക്കേണ്ട നിയമപരമായ ഉത്തരവാദിത്തം പട്ടയം ഉടമക്കാണ്. റവന്യൂ പട്ടയഭൂമികളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ കൈവശക്കാര്‍ക്കു മുറിച്ചെടുക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ അതിനുതകുന്ന ഭേദഗതി ഭൂപതിവ് നിയമത്തില്‍ വരുത്തണം.
നിയമം ഭേദഗതിയില്ലാതെ അതേപടി നിലനില്‍ക്കുന്നതിനിടെയാണ് റവന്യൂ പട്ടയഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിന് കൈവശക്കാരെ അനുവദിക്കുന്ന ഉത്തരവ് ഇറങ്ങിയത്.
നിയമ പിന്‍ബലമില്ലാത്ത ഈ ഉത്തരവിനു പിന്നില്‍ ഭരണസ്വാധീമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളില്‍ ചിലരും വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വന്‍കിട മരക്കച്ചവടക്കാരും ഉള്‍പ്പെടുന്ന സംഘം നടത്തിയ ഗൂഢാലോചനയാണെന്നു സമിതി പ്രസിഡൻറ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പറഞ്ഞു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുമതിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തെ പല ജില്ലകളിലും വീട്ടി മുറി നടന്നെങ്കിലും വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജിലേതുമാത്രമാണ് ചര്‍ച്ചയായതെന്നും അവർ പറഞ്ഞു.
കൽപറ്റ: സോഷ്യൽ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജനും മുട്ടിൽ മരംമുറി കേസിലെ പ്രതികളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് കരാറുകാരൻ ഹംസക്കുട്ടിയുടെ വെളിപ്പെടുത്തൽ.
കേസിലെ മുഖ്യപ്രതികളെയും സാജനെയും ഒരുമിച്ചു കണ്ടതായും ഇദ്ദേഹം പറയുന്നു. മരംമുറി കേസ് അട്ടിമറിക്കാൻ സാജൻ ഇടപെട്ടുവെന്ന് ഉത്തരമേഖല വനം ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറിെൻറ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.
15 കോടിയുടെ വീട്ടികൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാർ, മേപ്പാടി റേഞ്ച് ഓഫിസർ എം.കെ. സമീർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. അഭിലാഷ് എന്നിവരെ ഫോറസ്റ്റ് കൺസർവേറ്റർ കള്ളക്കേസിൽ കുടുക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. ഇങ്ങനെ ഒരു റിപ്പോർട്ട് നൽകിയിട്ടും സാജനെതിരെ നടപടിയെടുക്കാൻ വനംവകുപ്പ് ഇതുവരെ തയാറായിട്ടില്ല.
കൽപറ്റ: മുട്ടിൽ മരംമുറി സംഭവത്തിൽ 22 ആദിവാസികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ഡൗണിലെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും മാഫിയ പ്രവർത്തനങ്ങൾക്കുനേരെ കണ്ണടക്കുന്ന ജില്ല ഭരണകൂടത്തിെൻറ നിലപാടും ദുരൂഹമാണെന്ന് കമ്മിറ്റി ആരോപിച്ചു.
1ജില്ല സെക്രട്ടറി പി.ടി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. കൽപറ്റ ഏരിയ സെക്രട്ടറി കെ.ജി. മനോഹരൻ, ജില്ല സെക്രട്ടേറിയറ്റംഗം കെ.വി. പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്, മാനന്തവാടി ഏരിയ സെക്രട്ടറി കെ.ആർ. അശോകൻ, ബത്തേരി ഏരിയ സെക്രട്ടറി ബാബു കുറ്റിക്കൈത, കെ.എസ്. ബാബു പനമരം എന്നിവർ സംസാരിച്ചു.
കൽപറ്റ: മുട്ടിൽ മരംകൊള്ളയുടെ യഥാർഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സഹായകമായ അന്വേഷണം സർക്കാർ ഭാഗത്ത് നിന്നുണ്ടാകണമെന്ന് സ്വതന്ത്ര കർഷക സംഘം. ഉന്നതരുടെ ഗൂഢാലോചനയും വനം, റവന്യൂ, മാഫിയ സംഘങ്ങളുടെ പങ്കാളിത്തവും പുറത്തുകൊണ്ടുവരണം.
ഭരണകക്ഷികളുടെയും സർക്കാറിെൻറയും അറിവും സമ്മതവുമാണ് മുട്ടിൽ വനംകൊള്ളക്ക് പിന്നിലെന്നാണ് പൊതുജനങ്ങൾ വിശ്വസിക്കുന്നത്. വീട്ടു പറമ്പുകളിലും മറ്റുമുള്ള റിസർവ് മരങ്ങൾ മുറിക്കാൻ അനുമതി തേടി സാധാരണക്കാരും കർഷകരും മറ്റും നൽകിയ അേപക്ഷകൾ റവന്യൂ-വനം ഓഫിസുകളിൽ തീരുമാനമാവാതെ കെട്ടിക്കിടക്കുന്നുണ്ട്.
മുട്ടിൽ വനം കൊള്ള സർക്കാർ ഗൗരവമായി കാണാത്തതിലും ദുരൂഹത വർധിപ്പിക്കുകയാണ്. നിയമസഭ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയാറാവണമെന്നും ജില്ല ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.