കൽപറ്റ: കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും റോഡരികുകളിലും സ്വകാര്യഭൂമിയിലും അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റുന്നതിനുളള നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്കി. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റേണ്ടത്. ഓരോ വകുപ്പിന് കീഴിലുള്ള ഭൂമിയില്‍ സ്ഥിതി ചെയ്യുന്നതും അപകടാവസ്ഥയിലുളളതുമായ മരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിലുള്ള ട്രീകമ്മിറ്റിയുടെ ശിപാര്‍ശക്ക് വിധേയമായി അടിയന്തരമായി മുറിച്ച് മാറ്റണം.
മരം മുറിച്ച് അപകടാവസ്ഥ ഒഴിവാക്കിയ ശേഷം ഉടൻ ഇതു സംബന്ധിച്ച വിവരങ്ങള്‍ വില നിർണയത്തിന് സോഷ്യല്‍ ഫോറസ്ട്രിക്ക് കൈമാറണം. ഉണങ്ങിയതും ഭീഷണിയായി ചെരിഞ്ഞു നില്ക്കുന്നതുമായ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. ശിഖരങ്ങള്‍ മുറിക്കുന്നതിന് ട്രീ കമ്മിറ്റിയുടെ ശിപാര്‍ശ ആവശ്യമില്ല.
പൊതു സ്ഥലങ്ങളിലെ മരം വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം അതത് വകുപ്പുകള്‍ക്കാണ്. അപകടാവസ്ഥയിലുള്ള മരം മാത്രമാണ് മുറിക്കുന്നതിന് ശിപാര്‍ശ നല്‍കുന്നതെന്ന് ട്രീകമ്മിറ്റി ഉറപ്പു വരുത്തണമെന്നും ദേശീയപാതയോരങ്ങളിലും പൊതുനിരത്തുകളിലും സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.