കൽപറ്റ: കിടന്നുറങ്ങാന്‍ സുരക്ഷിതമായ വീടുകളില്ലാതെ ദുരിതത്തിലായിരിക്കുകയാണ് നാരങ്ങക്കണ്ടി ആദിവാസി കോളനിയിലെ കുടുംബാംഗങ്ങൾ. കൽപറ്റ നഗരസഭ ഇടഗുനി വാർഡിലെ ആദിവാസി കോളനിയിലുള്ളവരാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരം മാത്രമാണ് കോളനിയിലേക്കുള്ളത്.
നാരങ്ങക്കണ്ടി കോളനിയിൽ പത്ത് വർഷത്തിനിടെ നിർമിച്ച വീടുകൾ മിക്കതും കാലഹരണപ്പെട്ടു. ബലക്ഷയം സംഭവിച്ച വീടുകളിൽ സുരക്ഷിതമല്ലാതെയാണ് കോളനിയിലുള്ളവര്‍ താമസിക്കുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഭവന പദ്ധതി പ്രകാരം കോളനിയിൽ വീടുകൾ അനുവദിച്ചത്. നിർമിച്ച വീടുകൾ മിക്കതും പോറതെയ്ൻ കട്ടകൾ ഉപയോഗിച്ച് നിർമിച്ചവയാണ്. വീടുകൾ തേക്കാൻ കഴിയാത്തതും കരി പിടിക്കുന്നവയുമാണ്. ടോയ്ലറ്റ് സംവിധാനം അശാസ്ത്രീയമായ രീതിയിൽ നിർമിച്ചതോടെ പൈപ്പുകൾ നശിക്കുകയും സെപ്റ്റിക് ടാങ്ക് തകരുകയും ചെയ്തു.
നിലവിൽ ഇവിടെ താമസിക്കാൻ പോലും പറ്റാതായതായി കോളനിക്കാർ പറയുന്നു. ആദിവാസി പണിയ വിഭാഗത്തില്‍പെട്ട 14 കുടുംബങ്ങളാണ് വീടിന് പുറമെ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളില്ലാതെ ദുരിതംപേറി കഴിയുന്നത്. വീടിന്റെ ജനലുകൾക്ക് പകരം പ്ലാസ്റ്റിക് ഷീറ്റ് മറച്ചു കെട്ടിയതും കുടിവെള്ളത്തിനായി പാത്രങ്ങൾ കുട്ടിയിട്ടിരിക്കുന്നതും ഇവിടത്തെ നേർക്കാഴ്ച്ചയാണ്.
അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട് ഇതിനകം പലതവണ ജനപ്രതിനിധികളോട് പരാതികള്‍ പറഞ്ഞെങ്കിലും പരിഹാരം മാത്രം ഇതുവരെയായും ഉണ്ടായില്ലെന്നാണ് ഇവർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.