കൽപറ്റ: സുൽത്താൻ ബത്തേരി ആസ്ഥാനമായ ധനകോടി ചിറ്റ്സ് മുൻ എം.ഡി. യോഹന്നാൻ മറ്റത്തിൽ പിടിയിലായെങ്കിലും ആശങ്കയൊഴിയാതെ നിക്ഷേപകർ. ധനകോടി ചിറ്റ്സിന്റെ മുൻ എം.ഡിയെന്നാണ് പറയുന്നതെങ്കിലും സ്ഥാനം ഒഴിഞ്ഞിട്ടും കമ്പനി കാര്യങ്ങളിൽ ഇയാൾ ഇടപെട്ടിരുന്നതായി നിക്ഷേപകർ ആരോപിക്കുന്നു.
ധനകോടി ചിറ്റ്സ്, ധനകോടി നിധി എന്നീ സ്ഥാപനങ്ങൾക്ക് പ്രത്യേകം ഡയറക്ടർമാരുണ്ട്. അവരെ കൂടി അറസ്റ്റ് ചെയ്താൽ മാത്രമേ തട്ടിപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കൂവെന്നാണ് ജില്ല ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. നിക്ഷേപം തിരിച്ചു കിട്ടാൻ സർക്കാർ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു.
കമ്പനി അഡ്മിനിസ്ട്രേറ്ററായ സുൽത്താൻ ബത്തേരി സ്വദേശിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് നിക്ഷേപകരുടെ ലക്ഷക്കണക്കിന് രൂപ ഒഴുകിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്താൽ മാത്രമേ ഈ തുക ആരുടെ കൈകളിൽ എത്തിയെന്ന് അറിയാൻ സാധിക്കൂ. നിലവിൽ സിവിൽ കേസുകളുമായി നിക്ഷേപകർ പോകുന്നുണ്ട്.
പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത് നഷ്ടപ്പെട്ട തുക തിരിച്ചു നൽകാൻ സർക്കാർ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്നും ആക്ഷൻ കമ്മിറ്റി ജില്ല സെക്രട്ടറി വി.പി.സുഭാഷ് പറഞ്ഞു. ജില്ലയിൽ 300ന് മുകളിൽ നിക്ഷേപകരാണുള്ളത്.
പല സ്റ്റേഷനിലും കൊടുത്ത കേസുകളിൽ ഒരാളുടെ പരാതിയിൽ മറ്റുള്ളവരെ സാക്ഷികളാക്കിയാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. ഓരോരുത്തരുടെയും പേരിൽ പ്രത്യേകം പരാതിയായി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ധനകോടി ചിട്ടിയിൽ ചേർന്ന് കിട്ടിയ തുക പലരും ധനകോടി നിധി ലിമിറ്റഡിൽ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വീട് തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള മുൻ കരുതലായാണ് തുക നിക്ഷേപിച്ചത്. വാർഷിക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ സ്വാധീനിച്ചത്.
ധനകോടി ചിറ്റ്സ് മുൻ എം.ഡി. യോഹന്നാൻ മറ്റത്തിൽ, ഡയറക്ടർമാരായ സജി സെബാസ്റ്റ്യൻ, ജോർജ് എന്നിവർ നിലവിൽ റിമാൻഡിലാണ്. ധനകോടി ചിറ്റ്സിന്റെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലായി 22 ബ്രാഞ്ചുകളിൽ നിന്നായി കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്.
ഏപ്രിൽ അവസാനം ധനകോടി ചിറ്റ്സിന്റെ ഓഫിസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടർമാരും ഒളിവിൽ പോയതോടെ ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നില്ലെന്നാരോപിച്ച് ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.