കൽപറ്റ: സെർവർ തകരാറിനെതുടർന്ന് ഇ-പോസ് മെഷീൻ ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനത്തിലുള്ള റേഷൻ വിതരണം ജില്ലയിൽ മൂന്നാം ദിവസവും മുടങ്ങി. പകരം സംവിധാനമായ കാർഡ് ഉടമകളുടെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി അയച്ചുള്ള വിതരണത്തിന് സമയം കൂടുതലെടുക്കുന്നതിനാൽ റേഷൻ കടകളിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. റേഷൻ വിതരണവും ഓണക്കിറ്റ് വിതരണവുമെല്ലാം നിലവിൽ താളംതെറ്റിയ അവസ്ഥയാണ്.
ഒ.ടി.പി ലഭിക്കാൻ വൈകുന്നതും രജിസ്ട്രർ ചെയ്ത മൊബൈൽ ഫോണുകൾ പലരും വീട്ടിൽ വെച്ചുവരുന്നതിനാലും നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുകയാണെന്ന് റേഷൻ വ്യാപാരികളും പരാതിപ്പെടുന്നുണ്ട്. മൂന്നു ദിവസമായിട്ടും സെർവർ തകരാർ പരിഹരിക്കാൻ നടപടിയായിട്ടില്ല.
ഓണക്കിറ്റ് വിതരണം തുടങ്ങിയതോടെ കൂടുതൽ പേർ റേഷൻ കടകളിലെത്തുന്നതോടെ ഇ-പോസ് മെഷീൻ ഉപയോഗം വർധിക്കും. ഇത്തരം സമയങ്ങളിലാണ് സെർവർ തകരാറിലാകുന്നത്. സെർവർ തകരാർ പരിഹരിച്ചുവെന്നും തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണമുണ്ടാകുമെന്നും വെള്ളിയാഴ്ച മന്ത്രി ജി.ആർ. അനിൽ അറിയിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ പലയിടത്തും സാങ്കേതിക പ്രശ്നം തുടരുകയാണ്.
23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡിനും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡിനും 29, 30, 31 തീയതികളില്‍ നീല കാര്‍ഡിനും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വെള്ള കാര്‍ഡിനുമാണ് ഓണക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. സെർവർ തകരാറിനെതുടർന്ന് വെള്ളിയാഴ്ച അന്ത്യോദയ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും താളം തെറ്റി.
ചൊവ്വാഴ്ച മുതലാണ് ജില്ലയിൽ ഓണക്കിറ്റ് വിതരണം ആരംഭിക്കാനായത്. എന്നാൽ, വിതരണം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ സെര്‍വര്‍ തകരാറിലായിരുന്നു. സെർവർ തകരാറിനെതുടർന്ന് കിറ്റ് വിതരണം വൈകുമെന്നും കൂടുതൽ ദിവസം അനുവദിക്കണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്.
ഒരാള്‍ക്ക് റേഷന്‍ കൊടുക്കാന്‍ 10 മുതല്‍ 15 മിനിറ്റുവരെ സമയമെടുക്കുന്നതായും രാവിലെ 11 മുതല്‍ 12വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴുവരെയും സെര്‍വര്‍ പലസമയങ്ങളിലായി നിശ്ചലാവസ്ഥയിലാണ്.
വിതരണം തടസപ്പെടുന്നില്ലെങ്കിലും പകരം സംവിധാനമായ ഒ.ടി.പി ഉപയോഗിച്ചുള്ള വിതരണത്തിന് സമയം കൂടുതലെടുക്കുന്നത് വ്യാപാരികളെയും കാർഡുടമകളെയും ബുദ്ധിമുട്ടിലാക്കുകയാണ്. തിരക്ക് കൂടുന്നതോടെ വരും ദിവസങ്ങളിലും സെര്‍വര്‍ പ്രശ്നം ആവര്‍ത്തിക്കുമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആശങ്ക.
ജില്ലയിൽ സെർവർ തകരാർ മൂലം റേഷൻ വിതരണവും ഓണക്കിറ്റ് വിതരണവും താളംതെറ്റിയിരിക്കുകയാണെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി. കുഞ്ഞബ്ദുല്ല പറഞ്ഞു.
റേഷൻ വ്യാപാരികളും ജനങ്ങളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഓണക്കിറ്റ് വിതരണത്തിന് കുറച്ചുദിവസങ്ങൾ മാത്രം അനുവദിച്ചതിനാൽ തന്നെ റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാനാകുന്നില്ല. സെർവർ തകരാറിലായതിനാൽ മൊബൈൽ ഫോണിലെ ഒ.ടി.പി ഉപയോഗിച്ചാണ് വിതരണം.
ഇതിന് കൂടുതൽ സമയമെടുക്കേണ്ടതിനാൽ വിതരണം വേഗത്തിൽ പൂർത്തിയാക്കാനാകുന്നില്ലെന്നും ഇടക്കിടെയുള്ള സെർവർ തകരാരിന് ശാശ്വത പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.