ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ എ. ​ഗീ​ത സം​സാ​രി​ക്കു​ന്നു

ജില്ല വികസന സമിതി യോഗം: ആദിവാസി വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാൻ നിർദേശം

കൽപറ്റ: പാതിവഴിയില്‍ നിർമാണം നിലച്ച ആദിവാസി വീടുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ല വികസ സമിതി യോഗം നിര്‍ദേശം നല്‍കി. ഓരോ വീടിന്റെയും നിര്‍മാണം നിലച്ചതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ കണക്കെടുപ്പ് വേണം. പട്ടികവര്‍ഗ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 2889 വീടുകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.

ഇതില്‍ പലതും വിവിധ ഘട്ടങ്ങളില്‍ നിർമാണം നിലച്ചവയാണ്. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാലമായി നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന വീടുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള നടപടിയെടുക്കാന്‍ വകുപ്പിനോട് നിര്‍ദേശിച്ചത്. വീടുകള്‍ നവംബര്‍ 30നകം പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദേശിച്ചു.

മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസിന് കീഴില്‍ 1249 വീടുകളാണ് നിര്‍മാണം പൂര്‍ത്തീകരിക്കാനുളളത്. ഇതില്‍ 1084 വീടുകളുടെ മേല്‍ക്കൂര വരെ പണിതിട്ടുണ്ട്. 58 വീടുകള്‍ക്ക് ആദ്യ ഗഡു തുക കൈമാറിയിട്ടും ഗുണഭോക്താക്കള്‍ നിര്‍മാണം തുടങ്ങിയിട്ടില്ല. കല്‍പറ്റയില്‍ 446 വീടുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 1194 വീടുകളും പൂര്‍ത്തീകരിക്കാനുണ്ട്. കല്‍പറ്റയില്‍ 298 വീടുകളും ബത്തേരിയില്‍ 253 വീടുകളും മേല്‍ക്കൂര വരെ നിര്‍മാണം പൂര്‍ത്തിയായതാണ്. മറ്റുള്ളവ വിവിധ ഘട്ടങ്ങളില്‍ പ്രവൃത്തി നിലച്ചിരിക്കുകയാണ്.

പരൂര്‍ക്കുന്ന്, പുതുക്കുടിക്കുന്ന്, വെള്ളപ്പന്‍കണ്ടി എന്നിവിടങ്ങളില്‍ നിര്‍മിച്ച വീടുകളില്‍ വൈദ്യുതി, കുടിവെള്ളം എന്നിവ അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അധികൃതര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ആവയല്‍ കോളനിയിലെ കുടിവെള്ള പ്രശ്നം സെപ്റ്റംബർ 10 നകം പരിഹരിക്കും. സിസി, ആവയല്‍ പ്രദേശത്തെ വീടുകള്‍ ഓണത്തിന് മുമ്പ് ഗുണഭോക്താക്കള്‍ക്ക് കൈമാറാനും യോഗത്തിൽ തീരുമാനിച്ചു.

"റോഡ് നിർമാണം പൂർത്തിയാക്കണം'

പ്രളയ പുനർനിര്‍മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ വിവിധ റോഡുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ല വികസന സമിതി യോഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കല്‍പറ്റ ബ്ലോക്കില്‍ ആറു റോഡുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കാനുളളത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള പൊതു നിര്‍ദേശവും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് യോഗം നല്‍കി.

എൻജിനീയറിങ് വര്‍ക്കുകളുടെ ആധിക്യം മൂലമാണ് പലപ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി നിര്‍വഹണത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാകുന്നതെന്ന് യോഗം വിലയിരുത്തി. ഒറ്റപദ്ധതിയായി നടപ്പാക്കാന്‍ സാധിക്കുന്നവപോലും വിവിധ പദ്ധതികളായി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും യോഗം നിര്‍ദേശിച്ചു.

ഡി അഡിക്ഷന്‍ സെന്റര്‍ മാനന്തവാടിയിൽ

കല്‍പറ്റയില്‍ സ്ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ ഡി അഡിക്ഷന്‍ സെന്റര്‍ താത്ക്കാലികമായി മാനന്തവാടിയില്‍ ക്രമീകരിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ടുളള സെന്റര്‍ മാനന്തവാടിയിലേക്ക് മാറ്റുന്നതിനുളള എക്‌സൈസ് കമീഷണറുടെ അനുമതി അടുത്ത ദിവസം ലഭിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണറും അറിയിച്ചു.

"ഗോത്രസാരഥി പദ്ധതി പുനഃപരിശോധിക്കണം'

ഗോത്രസാരഥി പദ്ധതിക്കായി ഭീമമായ തുക ചെലവഴിച്ചിട്ടും കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്താന്‍ മടിക്കുന്നത് പരിശോധിക്കപ്പെടണമെന്ന് ജില്ല വികസ സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സര്‍ക്കാര്‍ മാര്‍ഗരേഖ അനുസരിച്ച് കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിന്റെ ദൂരപരിധി 500 മീറ്റര്‍ എന്നുള്ളത് പുനഃപരിശോധിക്കപ്പെടണമെന്ന് ഒ.ആര്‍. കേളു എം.എല്‍.എ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ ടി.എസ്.പി ഫണ്ടിന്റെ നല്ലൊരു ശതമാനവും പദ്ധതിക്കായി മാത്രം ചെലവഴിക്കപ്പെടുന്ന സാഹചര്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ജലശക്തി അഭിയാന്‍ പദ്ധതിയുടെ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെയും സഹകരണം വേണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജലസംരക്ഷണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

പാതിരിപ്പാലം: അടിയന്തര നടപടിക്ക് നിർദേശം

പാതിരിപ്പാലത്തിന്റെ ഉപരിതല പാളിയില്‍ കേടുപാടുകള്‍ സംഭവിച്ച വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വികസന സമിതി യോഗം ദേശീയ പാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കേടുപാടുകള്‍ പാലത്തിന്റെ ബലത്തിനോ സുരക്ഷക്കോ ഭീഷണിയല്ലെന്നും ഉപരിതല പാളികള്‍ പൊളിച്ച് പണിയാനുളള നടപടി സ്വീകരിച്ച് വരികയാണെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.

ജില്ല കലക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ച വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്ലാന്‍ ഫണ്ട് വിനിയോഗവും വിലയിരുത്തി. ഒ.ആര്‍. കേളു എം.എല്‍.എ, എ.ഡി.എം എന്‍.ഐ ഷാജു, പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - District Development Committee meeting: suggested to complete the construction of tribal houses immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.