ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള വി​ളം​ബ​ര ജാ​ഥ

വയനാട് ജില്ല സ്കൂൾ കായികമേള; സിന്തറ്റിക് ട്രാക്കിൽ ഇന്നുമുതൽ തീപാറും പോരാട്ടം

കൽപറ്റ: മുണ്ടേരി മരവയലിലെ ജില്ല സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 12ാമത് റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ ആദ്യദിനമായ വ്യാഴാഴ്ച നടക്കുന്നത് 19 ഫൈനലുകൾ. മീറ്റിലെ ഏറ്റവും വാശിയേറിയ മത്സരമായ 100 മീറ്റർ ഓട്ടം ഫൈനൽ മത്സരങ്ങളും വൈകീട്ട് നാലോടെ ആരംഭിക്കും.

മീറ്റിലെ ഏറ്റവും ശ്രദ്ധേയ ഇനമായ 100 മീറ്റർ ഓട്ടം തന്നെ നടക്കുന്നത് മേളയുടെ ആദ്യദിനത്തിൽ തന്നെ സിന്തറ്റിക് ട്രാക്കിലെ പോരാട്ടം ചൂടുപിടിപ്പിക്കും. ആദ്യ ദിനം തന്നെ മീറ്റിലെ വേഗതാരങ്ങളെ അറിയാം. വ്യാഴാഴ്ചത്തെ അവസാനയിനമായി സീനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 100 മീറ്റർ ഓട്ടമായിരിക്കും നടക്കുക.

വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ജൂനിയർ പെൺകുട്ടികളുടെയും സീനിയർ പെൺകുട്ടികളുടെയും പോൾവാൾട്ട് ഫൈനൽ മത്സരങ്ങളോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക.

തുടർന്ന് ഹൈജംപ് (സീനിയർ പെൺ), ഷോട്ട്പുട്ട് (സബ് ജൂനിയർ ആൺ), ഡിസ്കസ് ത്രോ (സീനിയർ പെൺ), ഡിസ്കസ് ത്രോ (ജൂനിയർ പെൺ), ഷോട്ട്പുട്ട് (ജൂനിയർ ആൺ), 1500 മീറ്റർ ഓട്ടം (ജൂനിയർ പെൺ, ജൂനിയർ ആൺ), ഡിസ്കസ് ത്രോ (സബ് ജൂനിയർ പെൺ), 1500 മീറ്റർ ഓട്ടം (സീനിയർ പെൺ, സീനിയർ ആൺ), 100 മീറ്റർ ഓട്ടം (സബ് ജൂനിയർ പെൺ, ആൺ, ജൂനിയർ പെൺ, ആൺ, സിനീയർ ആൺ, പെൺ), ഷോട്ട്പുട്ട് (സീനിയർ ആൺ) എന്നീ ഫൈനൽ മത്സരങ്ങളും നടക്കും.

ഉച്ചക്കുശേഷം 100 മീറ്റർ ഓട്ടത്തിന്‍റെ ആദ്യ റൗണ്ട് മത്സരങ്ങളും നടക്കും. കോവിഡ് കൊണ്ടുപോയ രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന ജില്ല കായികമേള ഇത്തവണ വയനാടിന്‍റെ ചരിത്രത്തിലാദ്യമായി സിന്തറ്റിക് ട്രാക്കിലാണ് നടക്കുന്നത്. ജി.വി.എച്ച്.എസ്.എസ് കൽപറ്റയുടെ ആതിഥേയത്തിൽ നടക്കുന്ന മീറ്റിനുള്ള അവസാനവട്ട ഒരുക്കം പൂർത്തിയായി കഴിഞ്ഞു.

സിന്തറ്റിക് ട്രാക്കോടുകൂടിയുള്ള ജില്ല സ്റ്റേഡിയം മുണ്ടേരി മരവയലിൽ യാഥാർഥ്യമായശേഷമുള്ള ആദ്യ ജില്ല സ്കൂൾ കായികമേളയാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്നത്. ഓരോ വർഷവും ജില്ല സ്കൂൾ കായികമേളയിൽ മൺ ട്രാക്കിൽ വിജയംകൊയ്യുന്ന താരങ്ങൾ സംസ്ഥാന മീറ്റിൽ പോയി അവിടത്തെ സിന്തറ്റിക് ട്രാക്കിൽ മികച്ച പ്രകടനം നടത്താനാകാതെ നിരാശരായി മടങ്ങുന്ന സ്ഥിതിയാണുണ്ടായിരുന്നു.

സിന്തറ്റിക് ട്രാക്കിൽ മികച്ച പരിശീലനം ലഭിക്കാത്തതാണ് ഇതിന് കാരണമായത്. ഇപ്പോൾ ജില്ല സ്കൂൾ കായികമേള തന്നെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്നതിനാൽ താരങ്ങൾക്ക് സംസ്ഥാന മീറ്റിന് മുന്നോടിയായുള്ള ഒരുക്കം കൂടിയാണ്. ജില്ല മീറ്റ് നടത്തുന്നതിന് പുറമെ സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടുന്നവർക്കായി ജില്ല സ്റ്റേഡിയത്തിൽ പ്രത്യേക പരിശീലന ക്യാമ്പ് ഉൾപ്പെടെ നടത്തിയാൽ അവർക്ക് മികച്ച നേട്ടം കൊയ്യാനാകും.

കായിക മേളക്ക് തുടക്കംകുറിച്ച് വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ജില്ല വിദ്യാഭ്യാസ ഡയറക്ടർ കെ. ശശി പ്രഭ പതാക ഉയർത്തും. വെള്ളിയാഴ്ച രാവിലെ ടി. സിദ്ദീഖ് എം.എൽ.എ മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും.

57 വ്യക്തിഗത ഇനങ്ങളിലും 10 ഗ്രൂപ്പിനങ്ങളിലുമായി എണ്ണൂറിലധികം പ്രതിഭകൾ മാറ്റുരക്കുന്ന കായികമേള നാടിന്‍റെ ഉത്സവമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഹരിത നിയമാവലി പാലിച്ചായിരിക്കും മേളയെന്നും ഒരുക്കം പൂർത്തിയായതായും സംഘാടകർ അറിയിച്ചു.

Tags:    
News Summary - District School Sports Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.