കൽപറ്റ: മുട്ടിൽ വയനാട് മുസ്ലിം ഓര്‍ഫനേജിൽ പഠിച്ച് വക്കീൽ കുപ്പായമണിഞ്ഞ് ഷബാന. കര്‍ണാടക കുടക് ജില്ലയിലെ സിദ്ധാപുരത്തെ ഈ മിടുക്കി ഒന്നാം ക്ലാസിലാണ് ഓർഫനേജിൽ ചേർന്നത്. വർഷങ്ങളായി യതീംഖാന അവൾക്ക് തണൽവിരിച്ചു. ഒടുവിൽ എല്‍ എല്‍.ബി ബിരുദം നേടി വക്കീല്‍ കുപ്പായമണിയുന്നു. 19 വര്‍ഷമായി ഇവിടെ പഠിക്കുന്ന ഷബാനയുടെ വീടും നാടുമെല്ലാം യതീംഖാന കാമ്പസായിരുന്നു. പിതാവ് പരേതനായ യൂസഫിനെ ഷബാനക്ക് ഓര്‍മയില്ല. ഉമ്മ സൈനയാണ് മകളെ ഇവിടെ ചേര്‍ത്തത്.
2017ല്‍ ഉമ്മയും മരണപ്പെട്ടു. മുട്ടില്‍ ഡബ്ല്യു.എം.ഒ സ്കൂളില്‍ പ്ലസ്ടു വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. എസ്.എസ്.എല്‍.സിക്ക് 82 ശതമാനം മാര്‍ക്കും പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്കും നേടി. ഷബാനയുടെ താല്പര്യപ്രകാരം അവളെ വക്കീലാക്കുക എന്നത് യതീംഖാന ജനറല്‍ സെക്രട്ടറിയായിരുന്ന എം.എ. മുഹമ്മദ് ജമാലിന്റെ ആഗ്രഹം കൂടിയായിരുന്നു. അതിനാല്‍ അവളെ ബി.ബി.എ എല്‍എല്‍.ബി കോഴ്സിന് ചേര്‍ത്ത് പഠിപ്പിക്കാന്‍ ചൈല്‍ഡ് കെയര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഈ വര്‍ഷം നല്ല മാര്‍ക്കോടെ പഠനം പൂര്‍ത്തീകരിച്ച് ഷബാന ഡബ്ല്യു.എം.ഒ കാമ്പസില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 20ന് കേരള ഹൈകോടതിയില്‍ ഷബാന എൻറോള്‍ ചെയ്യും.
ചടങ്ങില്‍ ഡബ്ല്യു.എം.ഒ കമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് മായന്‍ മണിമയും ചൈല്‍ഡ് കെയര്‍ കമ്മിറ്റി പ്രതിനിധികളും രക്ഷിതാക്കളായി പങ്കെടുക്കും. ഈവര്‍ഷം എല്‍ എല്‍.ബി പഠനം പൂര്‍ത്തിയാക്കുന്ന സ്ഥാപനത്തിലെ ലബീബയും ഷബാനക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കും. വയനാട് മുസ്ലിം യതീംഖാനയിൽ പഠിച്ച ആറ് പെണ്‍കുട്ടികള്‍ അഭിഭാഷകരായി വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.