കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന തരത്തിലുള്ള പുനരധിവാസമാണ് വേണ്ടതെന്നും ഇതിന് കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മേപ്പാടി ഗ്രാമപഞ്ചായത്ത് 10, 11, 12 വാർഡ് ജനകീയ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാണാതായവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച് തിരച്ചിൽ നടത്തണം. അല്ലെങ്കിൽ അവരെ മരിച്ചതായി കണക്കാക്കി സാക്ഷ്യപത്രം നൽകി ആനുകൂല്യം ലഭ്യമാക്കണം.
ദുരന്തബാധിതരുടെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമാകുന്ന പുനരധിവാസ പാക്കേജിന് കേന്ദ്രസർക്കാറിന്റെ കൂടി സഹായം വേണം. അതിജീവിതരുടെ വാടകവീടുകളുടെ വൈദ്യുതി ബിൽ സൗജന്യമാക്കണം. സർക്കാർ പ്രഖ്യാപിച്ച ദിവസം 300 രൂപ ആനുകൂല്യം സ്ഥിരപുനരധിവാസം വരെ അനുവദിക്കണം. എല്ലാവരുടെയും കടങ്ങൾ സർക്കാർ ഏറ്റെടുക്കണം. ഓരോ ആളുകളുടെയും നഷ്ടത്തിന്റെ തോത് അനുസരിച്ച് നഷ്ടപരിഹാരം നൽകണം. ദുരന്തപ്രദേശത്തെ എല്ലാവർക്കും അടിയന്തരധനസഹായമായ 10,000 രൂപ അനുവദിക്കണം. സമിതി ചെയർമാൻ കെ. മൻസൂർ, കൺവീനർ ജെ.എം.ജെ. മനോജ്, ട്രഷറർ എം. വിജയൻ, സി.എച്ച്. സുലൈമാൻ, എ. പ്രശാന്തൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.