കൽപറ്റ: ജില്ലയുടെ ചരിത്രത്തിലാദ്യമായി സിന്തറ്റിക് ട്രാക്കിൽ നടന്ന ജില്ല സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ 19 ഫൈനലുകൾ പൂർത്തിയായപ്പോൾ 33 പോയന്‍റുമായി ജി.എം.ആർ.എസ് മുന്നിൽ. മുണ്ടേരി മരവയൽ ജില്ല സ്റ്റേഡിയം യഥാർഥ്യമായ ശേഷം സിന്തറ്റിക് ട്രാക്കിൽ നടന്ന കായികമേളയിൽ കായികതാരങ്ങളുടെ ആകാംക്ഷക്കും ആവേശത്തിനുമാണ് വേദിയായത്.
കോവിഡ് പ്രതിസന്ധിക്കുശേഷം രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന ജില്ല കായികമേളയുടെ ആദ്യദിനത്തിൽ മുൻ വർഷങ്ങളിൽ ചാമ്പ്യന്മാരായ മീനങ്ങാടി ജി.എച്ച്.എസ്.എസിനും കാക്കവയൽ ജി.എച്ച്.എസ്.എസിനും ആദ്യദിനത്തിൽ കാര്യമായ നേട്ടം കൊയ്യാനായില്ല.
അഞ്ച് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് 33 പോയന്‍റ് നേട്ടത്തോടെ ജി.എം.ആർ.എസ് കൽപറ്റ മുന്നിട്ടുനിൽക്കുന്നത്. 2017,2018 വർഷങ്ങളിൽ ചാമ്പ്യന്മാരായിരുന്ന ജി.എച്ച്.എസ്.എസ് കാട്ടിക്കുളം 26 പോയന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. വ്യാഴാഴ്ച നാല് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയ കാട്ടിക്കുളം വെള്ളിയാഴ്ചയും മെഡൽ നേട്ടം തുടർന്ന് ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
എട്ട് പോയന്റുള്ള സെന്റ് കാതറിന്‍സ് പയ്യംപള്ളി മൂന്നും ഏഴ് പോയന്റുള്ള സെന്റ് മേരീസ് എച്ച്.എസ് മുള്ളന്‍കൊല്ലി നാലും സ്ഥാനത്തുണ്ട്. ഉപജില്ലകളിൽ മാനന്തവാടിയും വൈത്തിരിയും തമ്മിലാണ് പോരാട്ടം. 60 പോയന്‍റോടെ മാനന്തവാടിയാണ് മുന്നിൽ. തൊട്ടുപിന്നിൽ 57 പോയന്‍റുമായി വൈത്തിരി രണ്ടാമതും 43 പോയന്‍റുമായി സുൽത്താൻ ബത്തേരി മൂന്നാമതുമാണ്.
വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ശശിപ്രഭ പതാക ഉയര്‍ത്തിയ മേള പോള്‍വാള്‍ട്ട് മത്സരത്തോടെയാണ് ആരംഭിച്ചത്. . മേളയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പത്തിന് ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.