കൽപറ്റ: ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും പടിഞ്ഞാറത്തറ എസ്.ഐ പി. ഷമീറും സംഘവും ബാണാസുര ഡാമിനു സമീപം വൈശാലിമുക്കിൽ നടത്തിയ വാഹനപരിശോധനയിൽ കഞ്ചാവും മയക്കുമരുന്നുമായി കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ നാലു യുവാക്കൾ പിടിയിലായി.
ജീപ്പിൽ വിൽപനക്കായി ചെറിയ പൊതികളാക്കി സൂക്ഷിച്ച കാൽ കിലോയോളം കഞ്ചാവും 0.48 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 1,96,000 രൂപയുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്നു തൂക്കിവിൽക്കാൻ ഉപയോഗിച്ച ചെറിയ ഇലക്ട്രോണിക് മെഷീനും ഇവരിൽനിന്ന് പിടികൂടി. താമരശ്ശേരി ചെമ്പ്രോൽമീത്തൽ-കണ്ടോത്തുപാറയിലെ മലയിൽതൊടുകയിൽ ഷഫാൻ (30), താമരശ്ശേരി നരിക്കുനിയിലെ കിഴക്കേതൊടുകയിൽ ഷിബിലി (21), നരിക്കുനി പുറായിൽ ഹൗസിൽ വി.സി. ബിജിൻ (28), മലപ്പുറം മഠത്തിൽതൊടികയിലെ വാളാൻപറമ്പൻ ഹൗസിൽ വി. അബ്ദുൽ ജസീൽ (26) എന്നിവരാണ് പിടിയിലായത്.
പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പരിസരത്ത് എത്തുന്ന വിനോദസഞ്ചാരികൾക്കും മറ്റും മയക്കുമരുന്നും കഞ്ചാവും വിൽപന നടത്തിവരുന്നതായ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പടിഞ്ഞാറത്തറയിൽ വാടക വീട് എടുത്ത് വിനോദസഞ്ചാരികൾക്കും മറ്റും മയക്കുമരുന്നും കഞ്ചാവും വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.