കൽപറ്റ: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി നൈജീരിയൻ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍. ഐവറി കോസ്റ്റ് സ്വദേശി ഡാനിയേൽ എംബോ എന്ന അബുവാണ് പിടിയിലായത്. വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തിരുനെല്ലി പൊലീസും വയനാട് ഡൻസാഫ് ടീമും സംയുക്തമായി ബംഗളൂരുവിലെത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. വയനാട്ടിലെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ വർഷം നവംബറിൽ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ മാരുതി കാറിൽ കടത്തിയ 106 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ പിടികൂടിയിരുന്നു.
കേസിൽ മലപ്പുറം സ്വദേശികളായ പറമ്പിൻ പീടികയിലെ മുഹമ്മദ് ഉനൈസ്, വെണ്ണിയൂരിലെ ഹഫ്സീർ, മുഹമ്മദ് ഫാരിസ് എന്നിവരെ അറസ്റ്റുചെയ്തു. ഇവർ നൽകിയ മൊഴിയിൽ കൂട്ടുപ്രതിയായ പുക്കിപറമ്പിലെ ജുനൈസ് ചത്തേരിയെ ബംഗളൂരുവിൽനിന്നും പിടികൂടി.
ജുനൈസ് ഒറ്റപ്പാലം സ്വദേശി അനീസിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും ഡാനിയേലാണ് അനീസിന് നൽകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. തിരുനെല്ലി എസ്.ഐ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെ അനീസിന്റെ താമസസ്ഥലത്തെ സഹതാമസക്കാരൻ നൽകിയ സൂചനവെച്ച് ഡാനിയേലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ അനീസ് രക്ഷപ്പെട്ടു.
കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഡാനിയേലെന്ന് ജില്ല പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ജില്ല പൊലീസ് മേധാവി പദം സിങ് പറഞ്ഞു. എസ്.സി.പി.ഒമാരായ അനൂപ്, പ്രജീഷ്, ഡ്രൈവർ രതീഷ്, എസ്.പി ഓഫിസിലെ അേന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പ്രതിയെ കൽപറ്റ നർകോട്ടിക് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.