കൽപറ്റ: പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കുകയെന്നത് സര്‍ക്കാറിന്റെ കടമയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. ആവശ്യങ്ങള്‍ യഥാസമയം പരിശോധിച്ച് പരിഹാരം നല്കുന്ന കാര്യത്തില്‍ ജീവനക്കാര്‍ ജാഗ്രതയും സഹകരണവും പുലര്‍ത്തണമെന്നും കാര്യക്ഷമമായ സിവില്‍ സർവിസില്‍ നിന്ന് ജനങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയ പരിധിക്കുള്ളില്‍ തീര്‍പ്പാക്കാനുളള നടപടികള്‍ ഉദ്യോഗസ്ഥരില്നിന്നുണ്ടാകണം.
യജ്ഞത്തിന്റെ ഭാഗമായി ഓരോ ഓഫിസിലും പ്രത്യേകം നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കണം. ആവശ്യമെങ്കില്‍ പ്രത്യേകം അദാലത്തുകളും നടത്താം. പെട്ടെന്ന് തീര്‍പ്പാക്കാവുന്നവ, കോടതി കേസുകള്‍, റവന്യൂ റിക്കവറി തുടങ്ങി ഓരോ വകുപ്പിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം, അവയുടെ സ്വഭാവം എന്നിവ സംബന്ധിച്ച കണക്കെടുപ്പു നടത്തി അതിനനുസരിച്ചുളള കർമപദ്ധതിയും തയാറാക്കണം. ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ റവന്യൂ, വനം, തദ്ദേശ വകുപ്പുകളിലാണ് കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുളളതെന്ന് യോഗത്തില്‍ വിലയിരുത്തി.
പത്ത് വര്‍ഷത്തിന് മുകളില്‍, അഞ്ച് വര്‍ഷത്തിനും പത്ത് വര്‍ഷത്തിനും ഇടയില്‍, ഒരു വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയില്‍ എന്നിങ്ങനെ തരംതിരിച്ചാണ് തീര്‍പ്പാക്കല്‍ ഫയലുകളുടെ എണ്ണം കണ്ടെത്തിയിരിക്കുന്നത്. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സെപ്റ്റംബര്‍ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ ജില്ല കലക്ടര്‍ എ. ഗീത, ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.