കൽപറ്റ: സംസ്ഥാന സർക്കാർ ആവശ്യമായ ജീവനക്കാരെ അനുവദിക്കാത്തതിനാൽ വയനാട്ടിലെ എൻ.സി.സി ബറ്റാലിയൻ പ്രവർത്തനം എൻ.സി.സി ഡയറക്ടറേറ്റ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ഈ അധ്യയനവർഷം എന്.സി.സി 5 കേരള ബറ്റാലിയൻ യൂനിറ്റിന് കീഴിൽ പുതുതായി വിദ്യാർഥികൾക്ക് പ്രവേശനം നൽകേണ്ടെന്ന് എൻ.സി.സി എ.ഡി.ജി ഉത്തരവിറക്കി.
രണ്ടാംവർഷ, മൂന്നാംവർഷ കാഡറ്റുകളുടെ പരിശീലനം തുടരാമെന്നും അവർക്ക് സർട്ടിഫിക്കറ്റ് പരീക്ഷകൾ എഴുതാൻ യോഗ്യതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
വയനാട് ബറ്റാലിയനുകീഴിൽ സൈനിക ഉദ്യോഗസ്ഥരായ 26 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്. സൂപ്രണ്ട്, ഏഴ് ക്ലർക്ക്, രണ്ട് ടൈപിസ്റ്റ്, മൂന്ന് ഡ്രൈവർ, എട്ട് ലാസ്റ്റ് ഗ്രേഡ്, സ്വീപ്പർ എന്നീ തസ്തികകളാണ് ഓഫിസിൽ വേണ്ടത്. എന്നാൽ, തസ്തിക സൃഷ്ടിക്കാൻപോലും സംസ്ഥാന സർക്കാർ തയാറായിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.
ഏറെനാളത്തെ ആവശ്യങ്ങൾക്കുശേഷം 2019ലാണ് ജില്ലക്ക് മാത്രമായി പുതിയ ബറ്റാലിയൻ അനുവദിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രവർത്തനമാണ് ജില്ലയിലെ ബറ്റാലിയൻ നടത്തിവരുന്നത്. നിരവധി പുരസ്കാരങ്ങളും നേട്ടങ്ങളും ജില്ലയിലെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മറ്റും സേവനം നൽകാനും ബറ്റാലിയനിലെ കാഡറ്റുകൾക്കും സബ് യൂനിറ്റുകൾക്കും സാധിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം അംഗങ്ങളുള്ള ബറ്റാലിയനും ജില്ലയിലേതാണ്. 3500 വിദ്യാർഥികളാണ് അംഗങ്ങളായുള്ളത്. നിലവിൽ കൽപറ്റ ബൈപ്പാസിലെ വാടകക്കെട്ടിടത്തിലാണ് ജില്ലതല ഓഫിസ് പ്രവർത്തിക്കുന്നത്. ജില്ലയിലെ ഒട്ടേറെ സ്ഥലങ്ങളിൽ സ്ഥിരം ഓഫിസ് തുടങ്ങുന്നതിനായി പരിശ്രമിച്ചെങ്കിലും തുടർനടപടികളും ഉണ്ടായില്ല.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പി.കെ. ജയലക്ഷ്മി മന്ത്രിയായിരിക്കെ തലപ്പുഴ മക്കിമലയിൽ അഞ്ച് ഏക്കർ സ്ഥലം എൻ.സി.സി ജില്ല ആസ്ഥാനം നിർമിക്കാൻ അനുവദിച്ചിരുന്നു. പ്രളയം ആ ഭൂമിയെയും ബാധിക്കുകയും സ്ഥലം നിർമാണയോഗ്യമല്ലാതാവുകയുമായിരുന്നു.
നിലവിൽ എൻ.സി.സി വയനാട് ബറ്റാലിയനു കീഴിൽ 13 സീനിയർ ഡിവിഷൻ (കോളജ്, ഹയർസെക്കൻഡറി സ്കൂൾ) യൂനിറ്റുകളും 28 ജൂനിയർ ഡിവിഷൻ (ഹൈസ്കൂൾ) യൂനിറ്റുകളുമാണുള്ളത്.
ആവശ്യമായ തസ്തിക നിർണയിച്ച് ജീവനക്കാരെ നിയമിച്ച്, പുതിയ ബറ്റാലിയൻ പൂർണ സജ്ജമാക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഉത്തരവിലുണ്ട്. നിലവിൽ മറ്റു ബറ്റാലിയനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ വയനാട്ടിൽ നിയമിച്ചാണ് ഇവിടെ ഓഫിസ് പ്രവർത്തിപ്പിക്കുന്നത്.
ഈ നിയമനങ്ങൾകാരണം മറ്റു ഓഫിസുകളുടെ പ്രവർത്തനവും പ്രയാസത്തിലായതോടെയാണ് വയനാട് ബറ്റാലിയൻ നിർത്താൻ തീരുമാനമെടുത്തതെന്നാണ് അറിയുന്നത്. എൻ.സി.സി. ഡയറക്ടറേറ്റിൽനിന്ന് പലകുറി ജീവനക്കാരെ നിയമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഡയറക്ടറേറ്റ് ഘട്ടംഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.
കൽപറ്റ: വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ, കോഴിക്കോട് ജില്ലകളിലെയും കർണാടക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന സൈനിക കാന്റീനും (സി.എസ്.ഡി) എൻ.സി.സി ബറ്റാലിയൻ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ നിലക്കുമെന്ന് ആശങ്ക.
മാസങ്ങൾക്ക് മുമ്പ് 2022 ഒക്ടോബർ അവസാനവാരമാണ് സ്ഥിരം കാന്റീൻ ജില്ലയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചത്. എന്.സി.സി 5 കേരള ബറ്റാലിയനാണ് ജില്ലയിൽ കാന്റീൻ ചുമതല. ബറ്റാലിയൻ പ്രവർത്തനം അവസാനിപ്പിച്ചാൽ നിരവധി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാർഥ്യമായ കാന്റീനും വയനാടിന് നഷ്ടപ്പെടുമെന്നാണ് വിമുക്തഭടൻമാർ അടക്കമുള്ളവർ ആശങ്കപ്പെടുന്നത്.
കാന്റീൻ സൗകര്യമില്ലാത്തതിനാൽ കോഴിക്കോട്, കണ്ണൂർ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് 100 കിലോമീറ്ററോളം സഞ്ചരിച്ചായിരുന്നു ഇവർ ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. സൈനികർ, വിമുക്തഭടന്മാർ, വിമുക്തഭട ആശ്രിതർ, എൻ.സി.സി ഉദ്യോഗസ്ഥർ എന്നിവർക്കാണ് സി.എസ്.ഡിയുടെ പ്രയോജനം ലഭിക്കുന്നത്.
വയനാട് ജില്ലയിലെ 5000ത്തോളം പേർക്ക് ഉപകാരപ്രദമാവുന്ന സ്ഥാപനവും ബറ്റാലിയൻ നഷ്ടപ്പെടുന്നതോടെ ഇല്ലാതായേക്കും. മൊബൈൽ കാന്റീനായിരുന്നു ജില്ലയിൽ പ്രവർത്തിച്ചിരുന്നത്. രണ്ടു മാസത്തിൽ ഒരിക്കലാണ് സേവനം ലഭ്യമായിരുന്നത്. ഇത് നാലുവർഷം മുമ്പ് നിർത്തലാക്കിയത് തിരിച്ചടിയായി.
പ്രായമായവർ, വിമുക്തഭടന്മാരുടെ വിധവകൾ എന്നിവർക്ക് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും ചുരമിറങ്ങി പോയി വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ വൻ പ്രയാസമനുഭവിച്ചിരുന്നു. അതിനാൽ അർഹതയുണ്ടായിട്ടും കാന്റീൻ സൗകര്യം ഉപയോഗപ്പെടുത്താത്ത നിരവധി പേരുണ്ടായിരുന്നു. പെൻഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക് വലിയ ആശ്വാസമാണ് കുറഞ്ഞ വിലയിൽ ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവ.
ഇത് ജില്ലയിൽതന്നെ ലഭിച്ചുതുടങ്ങിയത് നിലക്കുമോയെന്ന ആശങ്കയിലാണിവർ. ബറ്റാലിയൻ ഇവിടെ തുടരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എമാർ അടക്കമുള്ളവരെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗ് നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.