കൽപറ്റ: ജീവിത പരിസരങ്ങളില്‍ അപായപ്പെടുമ്പോഴും അല്ലാത്തപ്പോഴും ആവശ്യഘട്ടങ്ങളില്‍ എളുപ്പത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുണയാകുന്ന 23 കെട്ടുകളെ പരിചയപ്പെടുത്തുകയാണ് അഗ്നിരക്ഷസേന. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലാണ് അഗ്നിരക്ഷസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള കെട്ടുകള്‍ അറിവിനൊപ്പം കൗതുകവുമാകുന്നത്. ഹാഫ് ഹിച്ച്, ക്ലോ ഹിച്ച്, ഫിഗര്‍ ഓഫ് എയ്റ്റ്, റീഫ് നോട്ട്, സ്ലീപ്പറി ഹിച്ച്, കാരിക്ക് ബെന്‍ഡ്, ഇയര്‍ നോട്ട്, സിംഗിള്‍ ഷീറ്റ് ബെന്‍ഡ്, ഡെബിള്‍ ഷീറ്റ് ബെന്‍ഡ്, കാറ്റ്സ് പോ, റണ്ണിങ് ബോലൈന്‍, ഡ്രേ ഹിച്ച് എന്നിങ്ങനെ 23തരം കെട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിരക്ഷസേന ഉപയോഗിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ചുള്ള അവബോധം നല്‍കാനും നിത്യജീവിതത്തില്‍ ആവശ്യമുള്ളപ്പോള്‍ പ്രായോഗികമാക്കാനും മേളയില്‍ പരിശീലനം നല്കുന്നു. ഒരേസമയം നാടിന്റെ രക്ഷകരും സൗജന്യ പരിശീലകരുമായി മാറുന്ന അഗ്നിരക്ഷസേനയുടെ ഈ സ്റ്റാളും പുതുമകൊണ്ട് ശ്രദ്ധേയമാണ്. ഇത്തരം അറിവുകള്‍ക്കൊപ്പം അത്യാധുനിക ജീവന്‍രക്ഷ ഉപകരണങ്ങളും സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്.
കെട്ടിടങ്ങളിലോ വാഹനങ്ങളിലോ അപകടങ്ങള്‍ ഉണ്ടായാല്‍ ഉടൻ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഹൈഡ്രോളിക് കട്ടര്‍, സ്പെഡര്‍, വിഷവാതകം നിറഞ്ഞ കിണറുകളിലും കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തനം നടത്തേണ്ട സാഹചര്യത്തില്‍ അവ പുറന്തള്ളാന്‍ ഉപയോഗിക്കുന്ന ബ്ലോവര്‍, തീയണക്കുന്ന വിവിധതരം ഫയര്‍ ഫൈറ്റിങ് ബ്രാഞ്ചുകള്‍, അപകടത്തിൽപെട്ട വാഹനങ്ങള്‍ ഉയര്‍ത്തുന്നതിനും അപകടത്തിൽപെട്ട കെട്ടിടങ്ങള്‍ ഉയര്‍ത്തി കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും ഉപയോഗിക്കുന്ന ന്യൂമാറ്റിക് എയര്‍ ബാഗ്, അത്യാധുനിക സ്വയംരക്ഷ ഉപകരണങ്ങള്‍, കോണ്‍ക്രീറ്റ് കട്ടിങ്ങിനുള്ള ഡിമോളിഷിങ് ഹാമ്മര്‍, വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളിലെ ജലാശയങ്ങളില്‍ പ്രവര്‍ത്തിപ്പിച്ച് തീയണക്കാന്‍ ഉപയോഗിക്കുന്ന ഫ്ലോട്ടിങ് പമ്പ്, അപകടത്തിൽപെട്ടവർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ഉപകരണമായ ലൈഫ് ഡിക്ടറ്റര്‍, തീയണക്കുന്ന പൗഡര്‍ ബാള്‍, ഫയര്‍ ബാള്‍, ജലരക്ഷ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സ്കൂബ, അഗ്നിരക്ഷ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ്, രാസവസ്തു ചോര്‍ച്ച വേളയില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ സ്യൂട്ട്, തുടങ്ങിയവ സ്റ്റാളില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. അപകടങ്ങളില്‍ എങ്ങനെ പ്രഥമ ചികിത്സ നല്‍കാമെന്നും ബോധവത്കരണവും നല്‍കുന്നുണ്ട്. മോതിരം കൈയില്‍ കുടുങ്ങിയുണ്ടാകുന്ന സാഹചര്യങ്ങളെ മറികടക്കാനും പാചകവാതക ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങളില്‍ നല്‍കേണ്ട പ്രഥമ ചികിത്സകളെപ്പറ്റിയും സേനാംഗങ്ങള്‍ വിശദീകരിക്കുന്നു. സുൽത്താൻ ബത്തേരി, കല്പറ്റ, മാനന്തവാടി അഗ്നിരക്ഷ കേന്ദ്രങ്ങളിലെ അംഗങ്ങളാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.