കൽപറ്റ: വ്യാപകമായ രോഗ പരിശോധനകളിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും 2047നുള്ളിൽ അരിവാൾ രോഗം (സിക്കിൾസെൽ അനീമിയ) രാജ്യത്തുനിന്നും നിർമാർജനം ചെയ്യുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് വയനാട്. വയനാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അരിവാൾ രോഗികളുള്ളത്.
സിക്കിൾസെൽ അനിമീയ പേഷ്യന്റ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം വയനാട്ടിൽ മാത്രം 1057 അരിവാൾ രോഗികളുണ്ട്. എന്നാൽ, വ്യാപകമായ പരിശോധനയും ബോധവത്കരണവും കാര്യക്ഷമമായി നടക്കാത്തതിനാൽ യഥാർഥ കണക്ക് ഇതിലും കൂടാനാണ് സാധ്യത.
രോഗബാധിത പ്രദേശങ്ങളിൽ 40 വയസ്സുവരെയുള്ള രാജ്യത്തെ ഏഴു കോടിയോളം പേരെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി ബോധവത്കരണം നടത്തുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനത്തും രോഗ നിർണയ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും.
ഗോത്രവിഭാഗങ്ങൾക്കിടയിലാണ് അരിവാൾ രോഗം കൂടുതലായി കണ്ടുവരുന്നത്. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്ക് ഉണ്ടാകുന്ന രൂപമാറ്റം മൂലമുള്ള രോഗമാണിത്. വയനാട്ടിൽ രോഗികളായിട്ടുള്ള 1057 പേരിൽ 600ഓളം പേരും ആദിവാസി വിഭാഗത്തിൽപെട്ടവരാണ്.
ബാക്കിവരുന്നത് വയനാടൻ ചെട്ടി സമുദായത്തിൽപെട്ടവരാണ്. ഇരുവിഭാഗത്തിൽപെട്ടവർക്കും സൗജന്യ ചികിത്സയും പെൻഷനും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെങ്കിലും മാസങ്ങളായി പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്.
വയനാട്ടിൽ ബോയ്സ് ടൗണിൽ ഹീമോഗ്ലോബിനോപതി റിസർച് ആൻഡ് കെയർ സെന്റർ സ്ഥാപിക്കുന്നതിനായി കഴിഞ്ഞവർഷത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ 30 കോടി നീക്കിവെച്ചിരുന്നെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി. കഴിഞ്ഞ മാസം സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ക്യാമ്പുകളിലൂടെ രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഒരുവർഷം നീളുന്ന സിക്കിൾ സെൽ അനിമീയ നിർമാർജന പദ്ധതി ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ഗോത്രമേഖലയിൽ സൂക്ഷ്മ പരിശോധന നടത്തുന്നത് രോഗ നിർമാർജനത്തിന് സഹായകമാകുമെന്നും നാഷനല്‍ അലൈന്‍സ് ഓഫ് സിക്കിള്‍സെല്‍ ഓര്ഗനൈസേഷന് പ്രസിഡന്റും വയനാട്ടിലെ സിക്കിൾ സെൽ അനിമീയ പേഷ്യന്റ്സ് അസിസോയഷൻ പ്രസിഡന്റുമായ സി.ഡി. സരസ്വതി പറഞ്ഞു.
24 വർഷം മുമ്പ് അസോസിയേഷൻ രൂപവത്കരിച്ചതിനുശേഷം ആദ്യമായാണ് കേന്ദ്രബജറ്റിൽ അരിവാൾ രോഗികൾക്കായി പദ്ധതി പ്രഖ്യാപിക്കുന്നത്. പരിശോധന നടത്തുന്നത് രോഗികളെയും രോഗവാഹകരെയും കണ്ടെത്തുന്നതിന് നിർണായകമാകും.
അരിവാൾ രോഗ വാഹകരായവർ തമ്മിലുള്ള വിവാഹങ്ങൾ ഉൾപ്പെടെ രോഗവ്യാപനത്തിനിടയാക്കുന്നതിനാൽ ബോധവത്കരണത്തിന് പ്രധാന്യമുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.