കല്പറ്റ: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മക നേതൃത്വം നല്‍കിയാണ് ഡോ. അദീല അബ്ദുല്ല ചുരം ഇറങ്ങുന്നത്. ഡോക്ടര്‍ കൂടിയായ അവരുടെ പ്രാഗല്ഭ്യവും കഠിനാധ്വാനവും മൂന്നു സംസ്ഥാനങ്ങള്‍ അതിരിടുന്ന വയനാട്ടില്‍ കോവിഡിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. രാജ്യത്ത് ആദ്യ ഡോസ് സമ്പൂര്‍ണ വാക്സിനേഷന് നേടുന്ന ജില്ലയെന്ന ഖ്യാതിയും വയനാടിന് നേടിത്തന്നാണ് മടക്കം. പ്രാരംഭ ഘട്ടത്തിൽ കോവിഡിനെ പ്രതിരോധിക്കുന്നതിൽ അദീലയുടെ ഇടപെടലുകൾ നിർണായകമായിരുന്നു. അന്നത്തെ പ്രവര്‍ത്തനങ്ങളാണ് ജില്ലയെ ഒരുപരിധിവരെ കോവിഡ് വ്യാപനത്തില്‍നിന്ന് തടഞ്ഞത്.
മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്തെ ജില്ല കലക്ടര്‍മാരുടെ പ്രവര്‍ത്തനമികവിന് പ്രധാനമന്ത്രി നല്കുന്ന വിശിഷ്ട പുരസ്കാരത്തിനുള്ള പട്ടികയിലെ അവസാന റൗണ്ടിൽ ഇടം നേടാനായതും കലക്ടറുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി. പുതിയ പദ്ധതികള്‍ എന്നതിനെക്കാള്‍ നിലവിലുള്ള പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ക്കുമായിരുന്നു സേവന കാലത്ത് ശ്രദ്ധ നല്‍കിയത്. ആദിവാസികളുടെ ഭവനപദ്ധതി, കിസാന്‍ െക്രഡിറ്റ് കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയവയുടെയും പ്രധാന പദ്ധതികള്‍ അവര്‍ക്ക് നടപ്പാക്കാനായി.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബര്‍ ഒമ്പതിനാണ് വയനാട് കലക്ടറായി ചുമതലയേറ്റത്. കലക്ടറായി ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിനു മുമ്പേ ജനപ്രീതിയാര്‍ജിച്ച ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി. പ്രളയവും പകര്‍ച്ചവ്യാധികളും ആദിവാസി വിഭാഗങ്ങളിലെ പതിറ്റാണ്ടുകളായുള്ള പരാധീനതകളും പ്രാധാന്യത്തോടെ പരിഗണിക്കാനും പരിഹാരമുണ്ടാക്കാനും മുന്‍നിരയില്‍തന്നെയുണ്ടായിരുന്നു ഈ 34കാരി. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അദീല 2012ലാണ് ഐ.എ.എസ് കരസ്ഥമാക്കിയത്. വനിത-ശിശുക്ഷേമ വിഭാഗം ഡയറക്ടറായാണ് പുതിയ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.