കൽപറ്റ: ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെ സഹജീവികളെ ചേർത്തുനിർത്താനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും വിവിധ പദ്ധതികളുമായി ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഫോസ). ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ വിദ്യാർഥികൾക്കായി ഒരുക്കുന്ന വിദ്യാഭ്യാസ പുനരധിവാസ പദ്ധതിക്കാണ് പ്രഥമ പരിഗണന.
ദുരിതബാധിത മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതോടൊപ്പം ഫാറൂഖ് കോളജ് കാമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ദുരിതബാധിത മേഖലയിലെ വിദ്യാർഥികൾക്കായി സൗജന്യ വിദ്യാഭ്യാസ താമസ സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിയാണിത്.
ദുരിതബാധിതരുടെ മാനസിക ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് മികച്ച രീതിയിലുള്ള കൗൺസലിങ്ങും മാനസിക പിന്തുണയും നൽകാനായി മേപ്പാടി കേന്ദ്രമായി കൗൺസലിങ് സെന്ററും ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള ഫെസിലിറ്റേഷൻ സെൻറർ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വദേശത്തും വിദേശത്തുമുള്ള ഫോസ ചാപ്റ്ററുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോസ പ്രതിനിധി സംഘം ഉരുൾപൊട്ടൽ ബാധിത പ്രദേശവും വിവിധ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. കെ. ആയിഷ സ്വപ്ന, മുൻ പ്രിൻസിപ്പലും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ പ്രഫ. കുട്ട്യാലിക്കുട്ടി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഡോ. പി.പി. യൂസഫലി, ജോയന്റ് സെക്രട്ടറിമാരായ ഡോ. എ.കെ. അബ്ദുൽ റഹീം, സി.പി. അബ്ദുൽ സലാം, സെൻട്രൽ കമ്മിറ്റി അംഗം വി.എം. ബഷീർ, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഇ.കെ. സാജിദ്, ജില്ല പ്രസിഡന്റ് എം. മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി സത്യൻ, മുൻ പ്രസിഡന്റ് വി.എ. മജീദ്, ദമ്മാം ചാപ്റ്റർ സെക്രട്ടറി യു.വി. ആസിഫ്, ഹംസ ഇസ്മാലി, സലീം അയാത്ത്, മുഹമ്മദ് അലി ഈന്തൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.