കൽപറ്റ: ഹൈദരാബാദിലെ പ്രമുഖ സ്ഥാപനത്തിൽ ക്വാളിറ്റി അഷ്വറന്‍സ് സൂപ്പര്‍വൈസറായി രണ്ടു വർഷം ജോലിയെടുത്തപ്പോഴാണ് നാട്ടിൽ ഒരു ജോലിയെന്ന മോഹം വയനാട് തേറ്റമല ഇണ്ടിയേരിക്കുന്നിലെ അഖിൽ ജോണിനെ പി.എസ്.സിയിലേക്ക് എത്തിച്ചത്. ജോലി രാജിവെച്ച് 2021ൽ നേരെ വീട്ടിലേക്ക്. രണ്ട് വർഷത്തിനകം അഞ്ച് റാങ്ക് ലിസ്റ്റുകളിൽ.
ഇതിൽ മൂന്ന് റാങ്ക് ലിസ്റ്റുകളും വന്നത് ഒരേ ദിവസവും. ചെറുപ്പം മുതൽ പൊലീസ് ആകണമെന്നായിരുന്നു ആഗ്രഹം. ആംഡ് പൊലീസ് ബറ്റാലിയന് എസ്.ഐ റാങ്ക് പട്ടികയില്‍ ഒന്നാംറാങ്കും സിവില്‍ പൊലീസ് കേഡര്‍ എസ്.ഐ (ഓപണ്‍ മാര്‍ക്കറ്റ്) റാങ്ക്പട്ടികയില്‍ രണ്ടാം റാങ്കും എസ്.ബി സി.ഐ.ഡി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക്പട്ടികയിൽ 150ാം റാങ്കും. കൂടാതെ മൂന്നെണ്ണത്തിന്റെ റാങ്ക് ലിസ്റ്റ് വരാനുണ്ട്.
മൂളിത്തോട് എ.എൽ.പി സ്കൂളിലും തേറ്റമല സ്കൂളിലുമായി പ്രാഥമിക പഠനം. വെള്ളമുണ്ട ഹയർസെക്കൻഡറിയിൽ പ്ലസ് ടുവും കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് കെമിസ്ട്രിയില്‍ ബി.എസ്.സി ബിരുദവും മഹാരാജാസില്‍നിന്ന് എം.എസ്.സിയും. 2019 ലാണ് ഹൈദരാബാദിൽ ജോലി ലഭിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ജോലി രാജിവെച്ച് വീട്ടിലിരുന്ന് പി.എസ്.സി പരീക്ഷക്ക് ഒരുക്കം തുടങ്ങി.
വീട്ടിലിരുന്നായിരുന്നു പഠനം. കെ.എ.എസ് ആണ് അഖിലിന്റെ ലക്ഷ്യമെങ്കിലും നിലവിൽ ഒന്നാം റാങ്ക് ലഭിച്ച ആംഡ് പൊലീസ് ബറ്റാലിയന് എസ്.ഐ ആകുന്നതിനുള്ള തയാറെടുപ്പിലാണ്. ഈ മാസം ഏഴിനാണ് മൂന്ന് റാങ്കുകൾ ഒരേദിവസം അഖിലിനെ തേടിയെത്തിയത്. നേരത്തേ പൊലീസിലെ തന്നെ ഫിംഗര്‍പ്രിന്റ് സെര്‍ച്ചർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് പട്ടികകളിൽ ഇടംപിടിച്ചിരുന്നെങ്കിലും നിയമനമുണ്ടായില്ല.
ഷോർട്ട് ലിസ്റ്റിലുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അസിസ്റ്റന്റ്, എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ എന്നിവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ പേര് മുകളിൽ ഉണ്ടാവുമെന്നാണ് തേറ്റമല വടക്കേല്‍ വീട്ടില്‍ വി.എം. ജോണിന്റെയും മോളി ജോണിന്റെയും മൂത്ത മകനായ ഈ 28കാരന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.