കൽപറ്റ: കാനഡയിൽ 4000 ജോലി ഒഴിവുകൾ എന്ന് പത്രപരസ്യം നൽകി അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം മുങ്ങിയെന്ന പരാതിയിൽ പ്രതികൾക്കെതിരെ കൃത്യമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഇത് സംബന്ധിച്ച് കൽപറ്റ പൊലീസ് ഇൻസ്പെക്ടർ ഹാജരാക്കിയ റിപ്പോർട്ട് സ്വീകരിച്ച കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.
കൽപറ്റ പുഴമുടി മുണ്ടുപാലയ്ക്കൽ വീട്ടിൽ എം.സി. ജോർജിന്റെ പരാതിയിലാണ് നടപടി. 2018 ഫെബ്രുവരി 28 ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യം കണ്ടാണ് മകന് ജോലിക്കായി അഞ്ച് ലക്ഷം രൂപ അഹമ്മദ് കബീർ എന്നയാൾ ആവശ്യപ്പെട്ടത് പ്രകാരം കൈമാറിയതെന്ന് പരാതിയിൽ പറയുന്നു.
74/2021 നമ്പറായി കേസ് രജിസ്റ്റർ ചെയ്തതായി കൽപറ്റ എസ്.എച്ച്.ഒ കമീഷനെ അറിയിച്ചു. പ്രതികൾ വിദേശത്തായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കേസന്വേഷണത്തിന്റെ ഭാഗമായി ഇരു കക്ഷികളും തമ്മിലുള്ള ഇടപാട് രേഖകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുമെന്നും എത്രയും വേഗം കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്നും കമീഷന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.