കൽപറ്റ: കാട്ടാനശല്യത്തിൽ പൊറുതിമുട്ടി വനാതിർത്തി ഗ്രാമത്തിൽ താമസിക്കുന്നവർ. കൂട്ടത്തോടെ എത്തുന്ന ആനകൾ പലപ്പോഴും വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഫെൻസിങ്ങും കിടങ്ങുകളും ഒഴിവാക്കിയാണ് ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്. രാത്രി നാട്ടിലിറങ്ങുന്ന ആനകൾ നേരം പുലർന്നാലും കാടുകയറാത്ത അവസ്ഥയിലാണ്.
പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ, കക്കോടൻ, വണ്ടിക്കടവ്, നടവയൽ, ചെഞ്ചട്ടി, വട്ടത്താനി, മാരമല തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വാഴ, തെങ്ങ് എന്നിവയും നശിപ്പിക്കുന്നു. ഇവയുടെ ശല്യം പതിവായതോടെ പലരും കൃഷി ഉപേക്ഷിച്ചു. പലയിടത്തും കാട്ടാനകൾ ഇറങ്ങുന്നതിനാൽ വനപാലകർക്കും ഒരേസമയം എല്ലായിടത്തും എത്താൻ കഴിയാത്ത അവസ്ഥയാണ്. ഫെൻസിങ് കടന്നെത്തുന്ന ഇവയെ പടക്കം പൊട്ടിച്ചും ബഹളംവെച്ചും തുരത്താൻ ശ്രമിച്ചാലും കാടുകയറാറില്ല.
ഇരുളം വനാതിർത്തി ഗ്രാമങ്ങളിൽ കർഷകർക്കും ഭീഷണിയായ കാട്ടാനകളെ തുരത്താൻ മുത്തങ്ങയിൽ നിന്നും കഴിഞ്ഞ ദിവസം കുങ്കിയാനകളെ കൊണ്ടുവന്നിരുന്നു. കുങ്കിയാനകൾ ഇവയെ കാടുകയറ്റിയാലും വീണ്ടും നാട്ടിലിറങ്ങുന്നതും പതിവാണ്.
കടച്ചിക്കുന്ന്, പാട്ടവയൽ പ്രദേശങ്ങളിൽ രണ്ടുമാസത്തോളമായി കാട്ടാനക്കൂട്ടങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് പ്രദേശവാസികൾ.
രാപ്പകൽ വ്യത്യാസമില്ലാതെയാണ് ഇവ ജനവാസമേഖലയിൽ എത്തുന്നത്. രാത്രിയിൽ വീടിന് സമീപം വരെ ഇവ എത്തുന്നു. കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ ഫലപ്രദമായി നടപടി വനംവകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നമ്പ്യാർകുന്ന് അയനിപുര ആദിവാസി കോളനിയിലെ ഭാസ്കൻ, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.
മുത്തങ്ങയിലും പരിസര പ്രദേശങ്ങളിലും ആനശല്യം രൂക്ഷമാണ്. ഒരാഴ്ച മുമ്പ് താളംകണ്ടിയിൽ ആനയിറങ്ങി മുസ്തഫയുടെ തെങ്ങിൻതൈകൾ നശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ച മുത്തങ്ങ അങ്ങാടിയിൽ ആനയിറങ്ങിയിരുന്നു. പിന്നീട് നാട്ടുകാർ ബഹളംവെച്ച് ഓടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.