കൽപറ്റ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ കോളജാണ് എൻ.എം.എസ്.എം ഗവ. കോളജ്. സർവകലാശാലയുടെ പുതിയ തീരുമാനപ്രകാരമുള്ള നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ കോളജിൽ തയാറായി.
ജൂലൈ ഒന്നിന് നാലു വർഷ ബിരുദത്തിന്റെ ആദ്യ ബാച്ച് വിദ്യാർഥികൾ കോളജിൽ എത്തും. രാവിലെ പത്തുമണിക്ക് നാലുവർഷ ബിരുദ കോഴ്സുകളുടെ കോളജ് തല ഉദ്ഘാടനം നടക്കും. ഉച്ചക്ക് 12 ന് തിരുവനന്തപുരം സർക്കാർ വനിത കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്ന സംസ്ഥാന തല ഉദ്ഘാടന പരിപാടി ഓൻലൈനായി കോളജിൽ സംപ്രേഷണം ചെയ്യും.
നാലു വർഷ ബിരുദം ആരംഭിക്കുന്ന നാലു വർഷ ഓണേഴ്സ് കോഴ്സുകൾ തെരഞ്ഞെടുക്കാനും ഗവേഷണ അഭിരുചിയുള്ളവർക്ക് ആ മേഖലയിൽ തുടർന്ന് പഠിക്കാനും ഇതോടെ സാഹചര്യമൊരുങ്ങും.
നാലുവർഷ ബിരുദത്തിനോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൻസിലിന്റെയും സർവകലാശാലയുടെയും നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന പരിശീലനം അധ്യാപകർ പൂർത്തിയാക്കിയിട്ടുണ്ട്.
ബികോം, ബി.എ ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബി.എ മാസ് കമ്യൂണിക്കേഷൻ, ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എ ഹിസ്റ്ററി, ബി.എസ്.സി കെമിസ്ട്രി എന്നീ ആറു ബിരുദ കോഴ്സുകളാണ് കോളജിൽ നിലവിലുള്ളത്. കോമേഴ്സ്, ഇക്കണോമിക്സ്, മാസ് കമ്യൂണിക്കേഷൻ, ഹിസ്റ്ററി തുടങ്ങിയവയിൽ ബിരുദാനന്തര ബിരുദവും ഉണ്ട്.
വിദ്യാർഥി സൗഹൃദ അന്തരീക്ഷം, ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറി സൗകര്യങ്ങൾ, കായിക പരിശീലനം. എൻ.സി.സി, എൻ.എസ്.എസ് തുടങ്ങി വിവിധ ക്ലബുകൾ, കമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യം, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ എന്നിവയുണ്ട്. നാക് അക്രഡിറ്റേഷൻ കിട്ടാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഈ വർഷം തന്നെ നാക് സംഘം കോളജ് സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.