കൽപറ്റ: ജില്ല ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂനിറ്റ് (സി.സി.യു) ആരംഭിക്കുന്നതിന് 23.75 കോടി രൂപ അനുവദിച്ചതായി ജില്ല ജനറൽ ആശുപത്രി ഡെവലപ്മെന്റ് കമ്മിറ്റി കൺവീനർ സി.കെ. ശശീന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 50 കിടക്കകൾ ഉൾപ്പെടെയുള്ള സംവിധാനത്തോടെയാണ് സി.സി.യു ആരംഭിക്കുക.
ദേശീയാരോഗ്യ ദൗത്യത്തിന്റെ കീഴിലാണ് പദ്ധതി. ആശുപത്രി ഡെവലപ്മെന്റ് കമ്മിറ്റി മന്ത്രി വീണ ജോർജിന് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.നിലവിലുള്ള കെട്ടിടത്തിൽ സൗകര്യം വർധിപ്പിച്ച് സി.സി.യു സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒന്നര വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കും.
അപകടങ്ങളിൽപെടുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് സി.സി.യു നിർമിക്കുന്നതിലൂടെ സാധിക്കും. കാത്ത്ലാബ്, മാനസികാരോഗ്യ കേന്ദ്രം, അമ്മയും കുഞ്ഞും ആശുപത്രി, വൃക്കരോഗികൾക്ക് നെഫ്രോളജി വിഭാഗവും ഡയാലിസിസ് യൂനിറ്റും തുടങ്ങിയവ ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിൽ 250 കിടക്കകൾക്കുള്ള സൗകര്യമുണ്ട്. 118 എണ്ണം മാത്രമാണ് നിലവിലുള്ളത്. കിടക്കകളുടെ എണ്ണം 250 ആക്കി ഉയർത്തി ആവശ്യമായ ജീവനക്കാരെ നിയമിക്കണം. അസ്ഥി, ത്വഗ് രോഗ വിഭാഗം എന്നിവ അനുവദിച്ച് സ്ഥിരം ഡോക്ടർമാരെ നിയമിക്കണം.
ആശുപത്രി വികസനത്തിന് കൂടുതൽ സ്ഥലം കണ്ടെത്തുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. സ്ഥലം ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തബാങ്ക് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണം. റേഡിയോളജിസ്റ്റ്, നഴ്സിങ് സൂപ്രണ്ട്, റേഡിയോഗ്രാഫർ തുടങ്ങിയ തസ്തികയിലും നിയമനം നടത്തണം. ആശുപത്രിയിലെ ഫാർമസി സേവനം 24 മണിക്കൂറും ലഭ്യമാക്കണം. ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കണം.
ലാബ് ടെക്നീഷ്യന്മാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരെയും നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മിറ്റി ചെയർമാൻ സണ്ണി ചെറിയ തോട്ടത്തിൽ, ട്രഷറർ വി. ഹാരിസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.