കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിനോടനുബന്ധിച്ച് പ്രധാനമന്ത്രി അടക്കമുള്ള വി.ഐ.പികളുടെ സന്ദർശനത്തിനായി എസ്.കെ.എം ജെ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഹെലിപ്പാഡുകൾ രണ്ടുമാസമായിട്ടും പൊളിച്ചു നീക്കാൻ നടപടിയായില്ല.
കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് രണ്ട് ഹെലിപ്പാഡ് സ്ഥാപിച്ചത്. ജില്ല ആസ്ഥാനത്തെ പ്രധാന ഗ്രൗണ്ട് എന്ന നിലയിൽ പല സർക്കാർ പരിപാടികൾക്കും വേദിയാവുന്ന മൈതാനം കൂടിയാണ് എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം.
കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹെലിപ്പാഡ് പി.ഡബ്ല്യു.ഡി അധികൃതരാണ് പൊളിച്ചു മാറ്റേണ്ടതെങ്കിലും ഇതുവരെ അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഹെലിപാഡ് നിർമിച്ചതോടെ വിദ്യാർഥികളുടെയും മറ്റു കായിക പ്രേമികളുടെയും പരിശീലനം മുടങ്ങിയിരിക്കുകയാണ്. കൂടാതെ, സ്ഥിരമായി ഇവിടെ വെച്ച് നടക്കാറുള്ള എസ്.കെ.എം.ജെ സ്കൂളിന്റെ ഇത്തവണത്തെ കായിക മേള പി.ടി.എ ഫണ്ടിൽ നിന്നും 10000 രൂപ മുടക്കി മുണ്ടേരി സ്റ്റേഡിയത്തിലാണ് നടത്തിയത്. 100 മീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള മൈതാനത്ത് ഹെലിപ്പാഡ് വന്നതോടെ ഫുട്ബാൾ, ക്രിക്കറ്റ് ഇനങ്ങളുടെ പരിശീലനത്തെയാണ് കാര്യമായി ബാധിച്ചത്. ഓട്ട മത്സരങ്ങൾക്കായി ട്രാക്കിടാൻ പോലും കഴിയാത്ത അവസ്ഥയാണ്. പി.ടി.എ ഫണ്ടിൽ നിന്നും പണമെടുത്ത് ടർഫിനേയും മറ്റു മൈതാനങ്ങളെയും ആശ്രയിച്ചാണ് വിദ്യാർഥികൾ ജില്ല-സംസ്ഥാന കായിക മേളകൾക്കെല്ലാം പരിശീലനം നടത്തുന്നത്.
ക്വാറി വേസ്റ്റുകൾ ഉപയോഗിച്ചാണ് ഹെലിപാഡിന്റെ അടിത്തറയും ഹെലിപാഡിലേക്കെത്താനുള്ള പാതയും നിർമിച്ചിരിക്കുന്നത്. കളിക്കുന്നതിനിടയിൽ വിദ്യാർഥികളുടെ കാലിലും മറ്റും മുറിവ് പറ്റുന്നതും നിത്യ സംഭവമായിരിക്കുകയാണ്. താൽകാലികമായി നിർമിച്ച ഹെലിപാഡ് മുഴുവനായും പൊളിച്ചു നീക്കി മൈതാനം പഴയ രൂപത്തിലാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും വിദ്യാർഥികളേയും കായിക പ്രേമികളെ അവഗണിക്കുകയാണെന്നും നാട്ടുകാർ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.