കൽപറ്റ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ മുൻനിർത്തി ജില്ലയിൽ യു.ഡി.എഫും ബി.ജെ.പിയും തെറ്റിദ്ധാരണ പരത്തുകയാണെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കോടതി വിധിക്കെതിരായ പ്രക്ഷോഭത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ എൽ.ഡി.എഫ് സന്നദ്ധമാണെന്നും അതിന് പശ്ചാത്തലമൊരുക്കാൻ യു.ഡി.എഫ് തയാറാവണമെന്നും നേതാക്കൾ പറഞ്ഞു. നിലവിലെ സുപ്രീംകോടതി വിധിക്ക് ആധാരമായ ടി.എൻ. ഗോദവർമൻ തിരുമുൽപാട് നൽകിയ കേസിൽ സംസ്ഥാന സർക്കാറുകൾ കക്ഷിയല്ല. 2003 നവംബർ 20ന് കേന്ദ്ര സർക്കാറിനുവേണ്ടി സെൻട്രൽ എംപവേഡ് കമ്മിറ്റി (സി.ഇ.സി) നൽകിയ നിർദേശങ്ങളാണ് സുപ്രീംകോടതി പരിശോധിച്ച് വിധി പറഞ്ഞത്.
സംസ്ഥാന സർക്കാറുകൾ കേന്ദ്രസർക്കാറിനാണ് നിർദേശങ്ങൾ സമർപ്പിച്ചത്. 2003 മുതൽ 2021 വരെ കേന്ദ്രസർക്കാറിന് വേണ്ടി സി.ഇ.സി നൽകിയ നിർദേശങ്ങൾ സുപ്രീംകോടതി പരിശോധിച്ചിട്ടുണ്ട്. 2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അഭീമുഖീകരിച്ച പ്രളയക്കെടുതി പാരിസ്ഥിതിക ദുരന്തമായി വിലയിരുത്തിയിട്ടുണ്ട്. ഈ പാശ്ചാത്തലത്തിൽ ഒരു കിലോമീറ്റർ പരിധിയിൽ ആവശ്യമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനെ ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയുമെന്ന് നേതാക്കൾ പറഞ്ഞു. 2019 ലെ നിർദേശങ്ങൾ കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടില്ല. അതിനാൽ, സുപ്രീം കോടതി മുമ്പാകെ ഈ തീരുമാനങ്ങൾ ഉന്നയിച്ചിട്ടുമുണ്ടാവില്ല. ജനസാന്ദ്രതയുള്ള മേഖലകൾ, സർക്കാർ-അർധ സർക്കാർ പൊതുസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ ഒഴിവാക്കി കേന്ദ്രസർക്കാറിന് 2021ൽ സംസ്ഥാനം നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.
ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിവന്നയുടനെ മുഖ്യമന്ത്രി കേരളത്തിന്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ജനസാന്ദ്രത മേഖലയിൽ ബഫർ സോൺ പൂജ്യം കിലോമീറ്ററായി കണക്കാക്കണമെന്നാണ് സർക്കാർ നിലപാട്. വനം മന്ത്രിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. സർക്കാർ ജനതാൽപര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുമ്പോൾ അതിനോട് സഹകരിക്കുന്ന നിലപാടല്ല യു.ഡി.എഫും ബി.ജെ.പിയും സ്വീകരിക്കുന്നത്.
രാഹുൽ ഗാന്ധി എം.പി കേന്ദ്രസർക്കാറിൽ ഇടപെടുന്നതിന് പകരം കേരള സർക്കാറിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് പ്രതികരിക്കുന്നത്. കേന്ദ്രസർക്കാറിനാണ് സുപ്രീംകോടതിയെ സമീപിക്കാൻ കഴിയുക. ഇതിന് വേണ്ട നിയമനിർമാണം നടത്താനും കേന്ദ്രസർക്കാറിന് കഴിയും. ഇത് മറച്ചുവെച്ചുള്ള പ്രചാരണമാണ് ബി.ജെ.പി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ സി.കെ. ശശീന്ദ്രൻ, പി. ഗഗാറിൻ, പി.കെ. മൂർത്തി, കെ.ജെ. ദേവസ്യ, കുര്യാക്കോസ് മുള്ളൻമാട, സണ്ണി എന്നിവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രങ്ങളെ ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭയുടെ മലബാർ ഭദ്രാസന യുവജന പ്രസ്ഥാനം സുൽത്താൻ ബത്തേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മലബാർ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയിൽ ഉദ്ഘാടനം ചെയ്തു. ഫാ. യൽദോ ചീരകതോട്ടം അധ്യക്ഷത വഹിച്ചു.
ഫാ. ഗീവർഗീസ് കവുങ്ങുപ്പിള്ളിൽ, ഫാ. അനിൽ കൊമരിക്കൽ, ഫാ. സജി ചൊള്ളാട്ട്, ഫാ. ബൈജു മനയത്ത്, ഫാ. ബേസിൽ കരനിലത്ത്, ജോബിഷ് യോഹൻ, ജൈജു വർഗീസ്, ബേസിൽ, സിജോ പീറ്റർ, അലീന ഏലിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.