കൽപറ്റ: പാൽ ഉൽപാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയിൽ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ വഴി ഇതുവരെ രജിസ്റ്റർ ചെയ്തത് 47,600 ക്ഷീരകർഷകർ. 56 ക്ഷീരസംഘങ്ങളിലൂടെ പ്രതിദിനം 2,50,500 ലിറ്ററോളം പാലാണ് ജില്ലയിൽ സംഭരിക്കുന്നത്. പ്രതിദിനം ഒരു കോടിയിലധികം രൂപയാണ് പാൽവിലയായി കർഷകർക്ക് ലഭിക്കുന്നത്.
ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതി, തീറ്റപ്പുൽകൃഷി വികസന പദ്ധതി, ക്ഷീരസംഘങ്ങൾക്കുള്ള സഹായം, ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ, വയനാട് പാക്കേജ്, ഗുണനിയന്ത്രണ ലാബ് ശാക്തീകരണം, കാലിത്തീറ്റ ധനസഹായം എന്നീ പദ്ധതികളിലായി 5.43 കോടി രൂപ മുൻവർഷം ജില്ലയിൽ ചെലവഴിച്ചിട്ടുണ്ട്.
9.41 കോടിയിലധികം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിനത്തിൽ ക്ഷീരകർഷകരുടെ ക്ഷേമത്തിനായി 2022-23 സാമ്പത്തിക വർഷത്തിൽ കർഷകർക്ക് ലഭിക്കുകയും ചെയ്തു. 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാറിന്റെ വിവിധ പദ്ധതിയിനങ്ങളിലായി 3.88 കോടിയോളം രൂപയുടെ പദ്ധതിനടത്തിപ്പുകൾ ജില്ലയിൽ പുരോഗമിക്കുന്നുണ്ട്.
ജില്ലയിലെ 44 ക്ഷീരസംഘങ്ങളിൽ ബൾക്ക് മിൽക്ക് കൂളറുകൾ വഴി 3,39,000 ലിറ്റർ പാൽ പ്രതിദിനം ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തുന്നുണ്ട്.
ജില്ലയിലെ മുഴുവൻ ക്ഷീരസംഘങ്ങളിലും പാൽവില ബാങ്ക് അക്കൗണ്ട് വഴിയാണ് ക്ഷീരകർഷകർക്കു നൽകുന്നത്. ക്ഷീരസംഘങ്ങളിൽ പാലളക്കുന്നവർക്ക് കമ്പ്യൂട്ടർ അധിഷ്ഠിത മൊബൈൽ-എസ്.എം.എസ് സംവിധാനം വഴി അവർ അളക്കുന്ന പാലിന്റെ ഗുണനിലവാരവും വിലയും യഥാസമയം അറിയുന്നതിനുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. 54 ക്ഷീരസംഘങ്ങൾക്ക് സ്വന്തമായി കെട്ടിടവും സ്ഥലവും ഉള്ളതിൽ എഴുന്നൂറിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യമായി ക്ഷീരസംഘങ്ങൾക്ക് ജില്ല കൺസോർട്യം വഴി ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കിയ ജില്ലയും വയനാടാണ്. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം ക്ഷീരകർഷകരുടെ പാൽ കറവ സമയം തമ്മിൽ 12 മണിക്കൂർ തുല്യ ഇടവേള എന്ന നിർദേശം ജില്ലയിലെ ഭൂരിഭാഗം ക്ഷീരസംഘങ്ങളും ഫലപ്രദമായി നടപ്പാക്കിയതിലൂടെ പ്രതിദിനം 4200 ലിറ്റർ പാലിന്റെ വർധനയുണ്ടായതായി അധികൃതർ പറയുന്നു.
ദേശീയ ഗോപാൽരത്ന അവാർഡ് 2021ൽ നേടിയ ജില്ലയിലെ ക്ഷീരസംഘങ്ങളായ ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിനും (രണ്ടാം സ്ഥാനം) 2022ൽ മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിനും (ഒന്നാം സ്ഥാനം) നേടാൻ സാധിച്ചു. 2022-23ൽ പുൽപള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന് ദേശീയ ഗോപാൽരത്ന പുരസ്കാരവും ലഭിച്ചു.
ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ പുൽപള്ളി ക്ഷീരസംഘത്തിൽ സ്ഥാപിച്ച ജില്ലയിലെ ഏക കിടാരി പാർക്ക് നിലവിൽ 500ഓളം പശുക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിൽപന നടത്തിയിട്ടുണ്ട്. 2023 ഡിസംബർ വരെ ക്ഷീരകർഷക ക്ഷേമനിധിയിൽ 27,367 കർഷകർക്കാണ് അംഗത്വം നൽകിയത്. ഇതിൽ 7,016 പേർക്ക് ക്ഷീരകർഷക ക്ഷേമനിധി പെൻഷൻ ലഭിക്കുന്നുണ്ട്.
ക്ഷേമനിധിയിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കെ മരണപ്പെട്ട 392 പേരുടെ കുടുംബങ്ങൾക്ക് ഫാമിലി പെൻഷനും നൽകിവരുന്നു. ജില്ലയിൽ 1,174 പേർക്ക് മരണാനന്തര ധനസഹായം നൽകിയിട്ടുണ്ട്.
കൽപറ്റ: ജില്ലയിലെ ക്ഷീരകർഷകരുടെ സംഗമം ജനുവരി മൂന്നു മുതൽ അഞ്ചുവരെ തരിയോട് ക്ഷീരസംഘത്തിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 56 ക്ഷീരസംഘങ്ങളിലെ 20,000ത്തോളം ക്ഷീരകർഷകർ സംഗമത്തിൽ പങ്കെടുക്കും.
അഞ്ചിന് ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി സംഗമം ഉദ്ഘാടനം ചെയ്യും. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ പങ്കെടുക്കും. ജനുവരി മൂന്നിന് രാവിലെ 8.30ന് പതാക ഉയർത്തുന്നതോടെ സംഗമത്തിന് തുടക്കമാകും. തുടർന്ന് വയനാട് ക്ഷീരമേഖല പ്രതിസന്ധികളും പ്രതിവിധികളും എന്ന വിഷയത്തിൽ മുഖാമുഖം നടക്കും. വ്യാഴാഴ്ച കന്നുകാലി പ്രദർശനം രാവിലെ എട്ടിന് ആരംഭിക്കും. വൈകീട്ട് നാലിന് വിളംബര റാലി നടക്കും.
വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഫെമിനി വി. മാത്യു, അസി. ഡയറക്ടർ കെ.എം. നൗഷ, സുൽത്താൻ ബത്തേരി സൊസൈറ്റി പ്രസിഡന്റ് കെ.കെ. പൗലോസ്, ജില്ല ക്ഷീരസംഘം കമ്മിറ്റി ചെയർമാൻ എം.ടി. ജോൺ, ക്വാളിറ്റി കൺട്രോളർ പി.എച്ച്. സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.