കൽപറ്റ: കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കൽ ഷോപ്പുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ നിർദേശം.
ദേശീയ ബാലാവകാശ കമീഷന്റെ നിർദേശപ്രകാരം ജില്ല കലക്ടറാണ് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് പാലിക്കുന്നതിനായി എല്ലാ മെഡിക്കൽ ഷോപ്പുകളിലും സി.സി.ടി.വി കാമറകൾ ഈ മാസം 30നുള്ളിൽ അടിയന്തരമായി സ്ഥാപിക്കണമെന്നും വിവരം കലക്ടറെ അറിയിക്കാനും ജില്ല ഡ്രഗ്സ് ഇൻസ്പെക്ടർക്ക് നിർദേശമുണ്ട്.
ഇതു പ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർ എല്ലാ മെഡിക്കൽ ഷോപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ ഷോപ്പു വഴിയുള്ള കുട്ടികളുടെ ലഹരി മരുന്ന് വാങ്ങൽ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് കാമറ സ്ഥാപിക്കുന്നത്. ജില്ലയിൽ മെഡിക്കൽ ഷോപ്പുവഴി കുട്ടികൾ ലഹരി മരുന്നുകൾ വാങ്ങുന്ന പ്രവണത പൊതുവെയില്ലെന്ന് ജില്ല ഡ്രഗ്സ് ഇൻസ്പെക്ടർ പറഞ്ഞു.
ജില്ലയിൽ ആശുപത്രി ഫാർമസികൾ, റീട്ടെയിൽ-ഹോൾസെയിൽ മെഡിക്കൽ ഷോപ്പുകളടക്കം 430 എണ്ണമുണ്ട്. പല സ്ഥാപനങ്ങളും കാമറ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. എന്നാലും കുറഞ്ഞ സമയത്തിനുള്ളിൽ കാമറ സ്ഥാപിക്കൽ പ്രായോഗികമല്ലെന്നാണ് പല ഉടമകളും പറയുന്നത്. മെഡിക്കൽ ഷോപ്പിൽ കാമറ വെച്ചാൽ മരുന്ന് വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. കൂടാതെ ഫാർമസിസ്റ്റ് ഇല്ലാതെ മെഡിക്കൽ ഷോപ്പിൽനിന്നും മരുന്നു വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കഴിയും. മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചു ഉണ്ടാകുന്ന എല്ലാ നിയമലംഘനങ്ങളും ഇതുവഴി കണ്ടെത്താനും കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
കൽപറ്റ: മെഡിക്കൽ ഷോപ്പുകളിൽ സി.സി.ടി.വി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഫാർമാഫെഡ്.
സി.സി.ടി.വി കാമറകൾ വെക്കുന്നത് വേഗത്തിലാക്കണമെന്നും നിരന്തര പരിശോധന യഥാസമയങ്ങളിൽ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജിനു ജയൻ, ജനറൽ സെക്രട്ടറി എം. ധർവേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.