കാരാപ്പുഴ: ടൂറിസ്റ്റുകളെ ആകര്‍ഷിക്കാൻ മാസ്റ്റര്‍ പ്ലാന്‍

കല്‍പറ്റ: കാരാപ്പുഴ ടൂറിസം പദ്ധതിയെ സമ്പൂര്‍ണ തലത്തില്‍ എത്തിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് കാരാപ്പുഴ മെഗാ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചതായി എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് അറിയിച്ചു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി പദ്ധതിയുടെ വികസനത്തിനും ഉപയോഗത്തിനും ആവശ്യമായ മുഴുവന്‍ ഭൂമിയും ഉപയോഗപ്പെടുത്തും.

വൈകുന്നേരം ആറു മുതല്‍ രാത്രി എട്ടുവരെ വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനത്തിനായി സ്ഥിരം സായാഹ്നവേദി ഒരുക്കുന്നതിന് നിലവിലുള്ള ആംഫീ തിയറ്റര്‍ വൈദ്യുതീകരണം നടത്തും. ശുദ്ധജലത്തിന് കേട് വരാത്ത രീതിയില്‍ സോളാര്‍ ഉപയോഗിച്ചുള്ള ബോട്ടിങ്ങാണ് പദ്ധതി പ്രദേശത്ത് ക്രമീകരിക്കുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോർപറേഷൻ പ്രതിനിധികൾ പ്രസ്തുത പദ്ധതിയെ കുറിച്ചുള്ള വിശദീകരണം യോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതി പ്രദേശത്തുള്ള കടമുറികൾ അടിസ്ഥാന വാടക നിശ്ചയിച്ച് പത്രപരസ്യം വഴി ലേലം ചെയ്യും. ഗാര്‍ഡനിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 41 ലക്ഷത്തിന്റെയും പാര്‍ക്കിങ് സംവിധാനം വിപുലപ്പെടുത്തുന്നതിനായി 30 ലക്ഷത്തിന്റെയും എസ്റ്റിമേറ്റുകള്‍ യോഗം അംഗീകരിച്ചു.

ഡെസ്റ്റിനേഷന്‍ മാനേജര്‍, ഹോര്‍ട്ടികൾചറല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാര്‍ഡുകള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ വളന്റിയേഴ്‌സ് തുടങ്ങിയ തസ്തികയിലേക്കുളള നിയമനം നടത്തും. വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനുള്ള ടെന്‍ഡര്‍ നടപടി സ്വീകരിക്കും.

ഗാര്‍ഡനില്‍ മില്‍മ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനും ഗാര്‍ഡനില്‍ പേയബിള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള താല്‍പര്യപത്രം ക്ഷണിക്കും. സന്ദര്‍ശകര്‍ക്ക് ശുദ്ധജലലഭ്യത ഉറപ്പുവരുത്താനായി വാട്ടര്‍ പ്യൂരിഫയര്‍ സംവിധാനം വിപുലപ്പെടുത്തുന്നതിനുള്ള ക്വട്ടേഷനുകള്‍ അംഗീകരിച്ചു.

മാലിന്യ നിര്‍മാജനത്തിന് ഹരിതകേരള മിഷനുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.സി.ടി.വി, വയര്‍ലെസ് സെറ്റുകള്‍ സജ്ജീകരിക്കും. കൃഷി വകുപ്പുമായി സഹകരിച്ച് പാര്‍ക്കിലെ നടപ്പാതകളില്‍ സന്ദര്‍ശകര്‍ക്ക് തണലൊരുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ എ. ഗീത, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികളായപി. ഗഗാറിന്‍, കെ.ജെ. ദേവസ്യ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Karapuzha-Master plan to attract tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.